എനിക്കറിയില്ല എങ്ങനെയാ പണം നല്‍കേണ്ടതെന്ന്, സാര്‍ ചെയ്താ മതി! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യാചകന്‍ നല്‍കിയ സംഭാവനയെക്കുറിച്ച് കണ്ണീരണിയിക്കുന്ന കുറിപ്പ്

പ്രളയത്തില്‍ പെട്ട കേരളത്തെ കൈപിടിച്ച് ഉയര്‍ത്താനായുള്ള പരിശ്രമത്തിലാണ് കേരളമൊട്ടാകെ. ഉള്ളവനും ഇല്ലാത്തവനും ഒന്നുപോലെ തങ്ങളാലാവുന്നത് കേരളത്തിനുവേണ്ടി ചെയ്യുന്നു എന്നുള്ളതാണ് ഈ ഒരുമയുടെ പ്രത്യേകത.

അതിന് ഏറ്റവും പുതിയ ഉദാഹരണമാവുകയാണ് ഒരു യാചകന്‍. കേരളത്തെ കഴുത്തറ്റം വെള്ളത്തില്‍ മുക്കിയ മഹാപ്രളയത്തില്‍ ദുരിതത്തിലാക്കിയവരെ സഹായിക്കാന്‍ കയ്യിലുണ്ടായിരുന്ന ചില്ലറത്തുട്ടുകള്‍ എണ്ണിയെടുത്ത് 94 രൂപ, ദുരിതാശ്വാസത്തിനായി നല്‍കിയ ഭിക്ഷക്കാരനെക്കുറിച്ചുള്ള കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

തെരുവില്‍ ഭിക്ഷയെടുക്കുന്ന മോഹനന്‍ എന്ന പഴയ ആനക്കാരനെപ്പറ്റിയാണ് ഈരാറ്റുപേട്ട മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പലയിടത്തും അലഞ്ഞുതിരിഞ്ഞുള്ള ജീവിതത്തിനിടയിലും പത്രം കൃത്യമായി വായിക്കാറുണ്ട് മോഹനന്‍ എന്ന ഈ പഴയ ആനക്കാരന്‍. അങ്ങനെയാണ് കേരളത്തെ നടുക്കുന്ന മഹാപ്രളയത്തിന്റെ തീവ്രത ഇദ്ദേഹം അറിഞ്ഞത്. അങ്ങനെ കയ്യിലുള്ള ചില്ലറത്തുട്ടുകളുമായി റഷീദിന്റെ വീട്ടിലേക്ക് അദ്ദേഹം എത്തുകയായിരുന്നു.

പണം ആവശ്യരപ്പെട്ട് വന്നതാണെന്ന് കരുതി റഷീദ് ഇരുപത് രൂപ മോഹനന് വച്ചുനീട്ടി. എന്നാല്‍ മോഹനന്‍ വീടിന്റെ ചവിട്ടുപടിയില്‍ ഇരുന്നു. മുഷിഞ്ഞ നോട്ടുകളും ചില്ലറകളും എണ്ണി തിട്ടപ്പെടുത്തി മോഹനന്‍ ആ തുക റഷീദിന് നേരെ നീട്ടി. 94 രൂപ. മുഖ്യമന്ത്രി സാറിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കണം. എനിക്ക് അറിയില്ല, എങ്ങനെയാ പണം നല്‍കേണ്ടതെന്ന്. സാര്‍ ചെയ്താ മതി. ഇത്രയും പറഞ്ഞ് അയാള്‍ നടന്നകന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന പട്ടകൊണ്ട് അടിച്ചതിനെത്തുടര്‍ന്നാണ് പൂഞ്ഞാല്‍ കല്ലേക്കുളം മോഹനന്റെ ഒരു കാലിന് സ്വാധീനം നഷ്ടമായത്. ആരുമില്ലാത്ത മോഹനന്‍ അതോടെ തെരുവിലിറങ്ങുകയായിരുന്നു.

Related posts