നയം വ്യക്തമാക്കി..! എല്ലാവര്‍ക്കും റേഷന്‍ നല്‍കണമെന്നതാണ് സര്‍ക്കാര്‍നയം; മുന്‍ഗണന പട്ടികയില്‍ കുഴപ്പമുണ്ടാക്കിയത് സെന്‍സസ് എടുത്ത ഉദ്യോഗസ്ഥരെന്ന് മന്ത്രി ജി. സുധാകരന്‍

FB-SUDHAKARANആലപ്പുഴ: സംസ്ഥാനത്ത് ബിപിഎല്‍–എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും റേഷന്‍ നല്‍കണമെന്നതാണ് സര്‍ക്കാര്‍ നയമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. മനുഷ്യത്വപരമായ സമീപനമില്ലാതെ സെന്‍സസ് എടുത്ത ഉദ്യോഗസ്ഥരാണ് മുന്‍ഗണന പട്ടികയില്‍ കുഴപ്പമുണ്ടാക്കിയത്. ഇതു ഭരണഘടനാവകാശങ്ങളുടെ ധ്വംസനമാണെങ്കിലും ജനം സഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ദേശീയ ഉപഭോക്തൃദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ സമസ്തമേഖലകളിലും മുന്നേറ്റമുണ്ടാകുന്ന കാലമാണിത്. എന്നാല്‍ കഴിഞ്ഞകാലങ്ങളിലെ പിടിപ്പുകേട് റേഷന്‍ സമ്പ്രദായത്തെ തകര്‍ത്തുതരിപ്പണമാക്കിയിട്ടുണ്ട്. കേന്ദ്രം അരിതരാത്തതാണ് പ്രശ്‌നമെന്ന ആശയക്കുഴപ്പവുമുണ്ടാക്കി. ജനുവരിയോടെ റേഷന്‍ വിതരണം ശരിയാക്കാന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ കഠിനാധ്വാനം ചെയ്യുകയാണ്. ഇതൊന്നുമറിയാതെ നിലപാടുകളിലെ ശരിയുടെ മൂല്യമറിയാതെ മാധ്യമങ്ങള്‍ മന്ത്രിയെ പഴിപറയുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

പൊതുവിതരണം കുറെക്കൂടി സുതാര്യമായി നടപ്പാക്കാന്‍ പാകത്തില്‍ ജനുവരിയോടെ കുറ്റമറ്റ മുന്‍ഗണന പട്ടികയ്ക്കുള്ള തയാറെടുപ്പാണ് നടക്കുതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ കാണാതെയാണ് വിമര്‍ശനം ഉയരുന്നത്. സുതാര്യമായി കേരളത്തില്‍ റേഷന്‍വിതരണം നടക്കുന്നതില്‍ അമര്‍ഷമുള്ള വന്‍കിട കച്ചവടക്കാരുണ്ട്. ഇതിനെ അട്ടിമറിക്കാന്‍ അവര്‍ ശ്രമിക്കും. പഴയതുപോലെ കരിഞ്ചന്തയില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കാനാണ് അവരുടെശ്രമം. സര്‍ക്കാരിന്റെ ശക്തമായ നിലപാട് മൂലമാണ് കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാനത്ത് അരിയുള്‍പ്പടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കു വിലക്കയറ്റമില്ലാതെ പിടിച്ചുനിര്‍ത്താനായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആന്ധ്രയുള്‍പ്പടെയുള്ളവ അരിവില കൂട്ടാന്‍ ശ്രമിച്ചെങ്കിലും കേരളം ഫലപ്രദമായി ഇടപെട്ടതിനാല്‍ വിലപ്പോയില്ലെന്ന് മന്ത്രി പറഞ്ഞു.

ഇപ്പോള്‍ ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി പരാതികള്‍ നല്‍കാന്‍ വേണ്ടത്രസമയം നല്‍കി. ഇത്തരത്തില്‍ ലഭിച്ച 16 ലക്ഷം പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ അന്തിമഘട്ടത്തിലാണിപ്പോള്‍. നമ്മുടെ സംസ്ഥാനത്തുള്ളതുപോലെ മറ്റൊരിടത്തും ഇത്രയും വിപുലമായ പൊതുവിതരണ ശ്രൃംഖലയില്ല. ഇതിനെ തടസപ്പെടുത്താന്‍ കണ്ണികള്‍ ഉണ്ട്. എത്ര പ്രയാസപ്പെട്ടാലും സര്‍ക്കാര്‍ തീരുമാനിച്ചതുപോലെ ഒരുമണി അരിപോലും കുറയാതെ എല്ലാവര്‍ക്കും വിതരണം ചെയ്യാനാണ് ശ്രമം. ജനുവരിയോടെ സുതാര്യമായ നിലയില്‍ റേഷന്‍ വിതരണം മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബാങ്കിലിട്ട സ്വന്തം പണംപോലും എടുക്കാന്‍ കഴിയാതെ ജനം നെട്ടോട്ടമോടുന്ന ഇന്നത്തെ സ്ഥിതിയില്‍ ഉപഭോക്താവിന്റെ അവകാശത്തെക്കുറിച്ച് പറയാന്‍ കേന്ദ്രസര്‍ക്കാരിനു ഒരവകാശവുമില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, കൗണ്‍സിലര്‍ റാണി രാമകൃഷ്ണന്‍, ആലപ്പുഴ ഉപഭോക്തൃതര്‍ക്ക പരിഹാരഫോറം പ്രസിഡന്റ് എലിസബത്ത് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സിവില്‍ സപ്ലൈസ് കമ്മീഷണര്‍ മിനി ആന്റണി സ്വാഗതവും ഡയറക്ടര്‍ വി. രതീശന്‍ നന്ദിയും പറഞ്ഞു. രാജീവ്ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സംഘടനകള്‍ക്ക് അവയുടെ വിതരണവും നടത്തി. തിരുവനന്തപുരം ജില്ല ഉപഭോക്തൃസംരക്ഷണ സമതി, കേരള സംസ്ഥാന ഉപഭോക്തൃ സമതി കൊല്ലം, ഇടുക്കിയിലെ കണ്‍സ്യൂമര്‍ വിജിലന്‍സ് ഫോറം എന്നിവയ്ക്കാണ് ആദ്യമൂന്നു സ്ഥാനങ്ങളും ലഭിച്ചത്.

Related posts