ലോകകപ്പ് ഫൈനലില്‍ കേരളം ക്രൊയേഷ്യയ്‌ക്കൊപ്പമോ ? ക്രോയേഷ്യയും കണ്‍സ്യൂമര്‍ഫെഡും തമ്മില്‍ എന്താണ് ബന്ധം ? ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ട്

തിരുവനന്തപുരം: ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ക്രൊയേഷ്യയും ഫ്രാന്‍സും കളത്തില്‍ ഇറങ്ങുമ്പോള്‍ കേരളത്തിന്റെ പിന്തുണ ക്രൊയേഷ്യയ്‌ക്കോ ? ഈ ചോദ്യം ഉയരുന്നതിനു കാരണം കണ്‍സ്യൂമര്‍ഫെഡാണ്. കേരളത്തിലെ കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളുടെ നിറവും ക്രൊയേഷ്യന്‍ ജഴ്‌സിയും തമ്മിലുള്ള സാദൃശ്യമാണ് ഈ ചോദ്യത്തിന് ആധാരം. രണ്ടും കണ്ടാല്‍ ഒരമ്മപെറ്റ ഇരട്ടകളാണെന്നേ പറയൂ.വെള്ള പ്രതലത്തില്‍ ചുവപ്പു കളങ്ങള്‍.

അര്‍ജന്റീന, ജര്‍മനി, ബ്രസീല്‍ തുടങ്ങിയ വമ്പന്‍ ടീമുകളുടെ ഫാന്‍സുകാരില്‍ ചിലരെങ്കിലും ഇപ്പോള്‍ ക്രൊയേഷ്യയുടെ ആരാധകരാണ്. അവര്‍ കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്കും വാഹനങ്ങള്‍ക്കും മുന്നിലെത്തി സെല്‍ഫിയെടുക്കുന്നു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റുന്നു. ക്രൊയേഷ്യയുടെ ദേശീയപതാകയില്‍ തന്നെയുള്ള ഈ വെളുപ്പും ചുവപ്പും ചേര്‍ന്ന കളങ്ങളാണ് അവരുടെ ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സിയിലേയ്ക്കും പകര്‍ത്തിയത്. എന്നാല്‍, ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്കു ഈ പുതിയ നിറം വീണതിനു പിന്നില്‍ ക്രൊയേഷ്യന്‍ ബന്ധമൊന്നുമില്ല. 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ ആയിരുന്ന ഡോ. റിജി ജി. നായരായിരുന്നു കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്കും വാഹനങ്ങള്‍ക്കും പുതിയ നിറം പകര്‍ന്നത്. അതിനു പിന്നില്‍ രണ്ടു കാരണങ്ങളായിരുന്നെന്നു റിജി പറയുന്നു.

‘അന്ന് കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ എന്നു പറഞ്ഞാല്‍ ആര്‍ക്കും അറിയില്ല ആകെ 170 ഷോപ്പുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ ഷോപ്പുകളെയും സിവില്‍ സപ്ലൈസ് ഷോപ്പുകളായിട്ടായിരുന്നു നാട്ടുകാര്‍ കണ്ടിരുന്നത്. ആ സ്വത്വ പ്രതിസന്ധി മാറ്റാനാണ് ഷോപ്പുകള്‍ക്കു നിറം മാറ്റിയത്. പെട്ടെന്നു ജനങ്ങളുടെ കണ്ണില്‍ പതിയാന്‍ പറ്റിയ നിറം ചുവപ്പാണല്ലോ? എന്നാല്‍ ചുവപ്പു മാത്രമായാല്‍ അതു സിപിഎമ്മിന്റെ കൊടിയുടെ നിറമാകും. അങ്ങനെ വെള്ളയും കൂടി ചേര്‍ക്കുകയായിരുന്നു. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ചുവപ്പ് മാറ്റണമെന്ന നിര്‍ദേശം ചിലര്‍ മുന്നോട്ടുവച്ചു. എന്നാല്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിറം മാറ്റേണ്ട ആവശ്യമില്ലെന്ന നിലപാടെടുത്തതോടെ ക്രൊയേഷ്യന്‍ ജഴ്‌സി കണ്‍സ്യൂമര്‍ ഫെഡ് തുടര്‍ന്നും അണിഞ്ഞു പോന്നു. അന്ന് 170 ഷോപ്പുകളുണ്ടായിരുന്നത് ഞാന്‍ ഇറങ്ങുമ്പോള്‍ 1700 ഷോപ്പുകളായി. 141 വാഹനങ്ങളും നിരത്തിലിറക്കി’ റിജി പറയുന്നു.
ഇംഗ്ലണ്ട്-ബല്‍ജിയം ലൂസേഴ്‌സ് ഫൈനല്‍ വിഡിയോ സ്റ്റോറി കാണാം

ക്രൊയേഷ്യയുടെ പേരില്‍ കണ്‍സ്യൂമര്‍ഫെഡിന് കൂടുതല്‍ പ്രചാരം കിട്ടുന്നതിന്റെ സന്തോഷം ജീവനക്കാര്‍ക്കുമുണ്ട്. ഷോപ്പുകളിലെത്തി പലരും സെല്‍ഫിയെടുക്കുന്നു. ഷോപ്പുകള്‍ക്കു സമീപം ക്രൊയേഷ്യന്‍ ഫാന്‍സുകാര്‍ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നു. ഫൈനലില്‍ ക്രൊയേഷ്യ ജേതാക്കളായാല്‍ ഈ സെല്‍ഫിയെടുക്കാനെത്തുന്നവരുടെ എണ്ണവും കൂടും. എന്തായാലും ലോകകപ്പ് നേടിയാല്‍ ക്രൊയേഷ്യയ്ക്ക് കൂടുതല്‍ ആരാധകരെ ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല. അതിനനുസരിച്ച് കണ്‍സ്യൂമര്‍ഫെഡിനും ഗുണമുണ്ടാകുമോയെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Related posts