ഫെമിനിസം എന്ന വാക്കിനെ ഇന്ന് തെറിയായിട്ടാണ് കാണുന്നത്! വിട്ടുവീഴ്ച ആവശ്യപ്പെടുന്നവരോട് നോ പറയാതിരിക്കുമ്പോഴാണ് മീടു ഒക്കെ ഉണ്ടാകുന്നത്; രഞ്ജിനി ഹരിദാസിനും പറയാനുണ്ട്

കേരളത്തിലെ ഒരു ഫെമിനിസ്റ്റ് എന്ന് പറയുമ്പോള്‍ ബഹുഭൂരിപക്ഷം മലയാളികളുടെയും മനസിലേയ്ക്ക് ഓടിയെത്തുന്ന ഒരു മുഖമായിരുന്നു പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസിന്റേത്. എന്നാല്‍ കേരളത്തിലുള്‍പ്പെടെ വലിയ രീതിയില്‍ കോളിളക്കം സൃഷ്ടിച്ച മീടു കാമ്പയിനും മലയാള സിനിമയിലെ കോലാഹലങ്ങളും വനിതാ സംഘടനയുമൊന്നും പിറവിയെടുത്തപ്പോള്‍ രഞ്ജിനി ഒരു വാക്കുപോലും അതേക്കുറിച്ചൊന്നും പറഞ്ഞ് കേട്ടില്ല.

എന്നാല്‍ ഇപ്പോഴിതാ ശബരിമലയിലെ സ്ത്രീ പ്രവേശനമുള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളിലുള്ള തന്റെ അഭിപ്രായം വ്യക്തമാക്കി രഞ്ജിനി രംഗത്തെത്തിയിരിക്കുന്നു. ഒരു ടെലിവിഷയില്‍ ഷോയില്‍ സംസാരിക്കവെയാണ് രഞ്ജിനി തന്റെ മനസ് തുറന്നത്. രഞ്ജിനിയുടെ വാക്കുകളിങ്ങനെ…

രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ…

‘ഫെമിനിസത്തിന്റെ അര്‍ഥം ആര്‍ക്കുമറിയില്ല. ആ വാക്കിനെ വളച്ചൊടിച്ച് പുരുഷവിരുദ്ധമാക്കിക്കളഞ്ഞു. അതല്ല ഫെമിനിസം. സ്ത്രീകള്‍ക്ക് വോട്ടവകാശം പോലുമില്ലാത്ത കാലത്ത് രൂപംകൊണ്ട ശക്തമായ മൂവ്മെന്റ് ആണ് ഫെമിനിസം. പുരുഷനേക്കാള്‍ നല്ലതാണ് സ്ത്രീ എന്നല്ല. ആണിന് ആണിന്റേതും പെണ്ണിന് പെണ്ണിന്റേതുമായ സവിശേഷതകളുണ്ട്.

ആണിനേപ്പോലെ ശാരീരിക കരുത്ത് ഒരു സ്ത്രീക്കുണ്ടാകണമെന്നില്ല. നൂറിലൊരു സ്ത്രീക്ക് ഉണ്ടാകാം. അത്രേ ഉള്ളൂ. മറിച്ച് അമ്മയാകാനുള്ള കഴിവുള്‍പ്പെടെ സ്ത്രീകള്‍ക്കുള്ള സവിശേഷതകള്‍ പുരുഷനില്ല. നമ്മളെ അങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ വിഡ്ഡിത്തമാണ്. ഞാന്‍ ഫെമിനിസ്റ്റാണ്. പക്ഷേ ഈ പുതിയ അര്‍ഥമുള്ള ഫെമിനിസ്റ്റ് അല്ല.

ഇന്നത്തെ കാലത്ത് ഫെമിനിസ്റ്റ് എന്ന് പറയാന്‍ ഫെമിനിസ്റ്റുകള്‍ തന്നെ ഭയക്കുന്ന കാലമാണ്. പലരും ഫെമിനിസം എന്ന വാക്കിനെ തെറിയായിട്ടാണ് കാണുന്നത്. മോശം അനുഭവമുണ്ടായിട്ട് മിണ്ടാതെ സഹിക്കുമ്പോഴാണ് മീ ടു ഒക്കെ ഉണ്ടാകുന്നത്. അപ്പോള്‍ തന്നെ പ്രതികരിച്ചാല്‍ മീ ടു ഉണ്ടാകില്ല. അതില്‍ പ്രസക്തിയില്ല.

അങ്ങനെയൊരു സംഭവമുണ്ടായാല്‍ നോ പറയാനും പ്രതികരിക്കാനും എനിക്കറിയാം. പക്ഷേ അങ്ങനെയൊരു സാഹചര്യമില്ലാത്തവരുമുണ്ട്. അതുകൊണ്ടാകാം അവര്‍ പിന്നീട് പ്രതികിരിക്കുന്നത്. മീ ടു ക്യാംപെയിന്‍ നല്ലതാണ്. പക്ഷേ അത് ദുരുപയോഗം ചെയ്യരുത്. പേരുപറയാതെയുള്ള മീ ടു വെളിപ്പെടുത്തലുകളോട് യോജിപ്പില്ല. ഒരു മാറ്റത്തിന് വേണ്ടിയാണല്ലോ ക്യാംപെയിന്‍.

ആരാണ് മോശമായി പെരുമാറിയത് എന്നും എന്നോടാണ് പെരുമാറിയതെന്നും തുറന്നുപറയാനുള്ള ധൈര്യമുണ്ടാകണം. ഈ ലോകത്ത് അവസരങ്ങള്‍ മുതലെടുക്കുന്നവരും ഉണ്ട്, വിട്ടുവീഴ്ചക്ക് തയ്യറായിട്ടുള്ളവരും ഉണ്ട്. അങ്ങനെ വരുമ്പോള്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലാത്തവരും ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടി വരും. അതിനോട് നോ പറയാന്‍ പറ്റാതെ വരുമ്പോഴാണ് മീ ടു ഒക്കെ ഉണ്ടാകുന്നത്’.

Related posts