വെറും പത്തുമാസം കൊണ്ട് രേണു ഒഴിപ്പിച്ചത് 80 കയ്യേറ്റങ്ങള്‍; എന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റത്തില്‍ കൈവച്ചപ്പോള്‍ സബ് കളക്ടറുടെ സേവനം അവസാനിപ്പിച്ച് സര്‍ക്കാര്‍…

കയ്യേറ്റത്താലും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാലും നാശോന്മുഖമായ മൂന്നാറിന്റെ ദുരവസ്ഥ ഇനിയും തുടരും. ചുരുങ്ങിയ കാലയളവിനുള്ളില്‍ ദേവികുളത്ത് നിയോഗിക്കപ്പെട്ട നാലാമത്തെ സബ് കളക്ടറായ രേണുരാജിനെ മാറ്റിയതോടെ സബ് കളക്ടര്‍മാര്‍ വാഴാത്ത ഇടം എന്ന ദേവികുളത്തിന്റെ പേരുദോഷം തുടരുകയാണ്.

അവസാനമെത്തിയ സബ് കളക്ടര്‍ രേണുരാജ് വെറും പത്തു മാസം കൊണ്ട് മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍, ചിന്നക്കനാല്‍ മേഖലകളില്‍ സി.പി.എം. പ്രവര്‍ത്തകരുടെയടക്കം ഒഴിപ്പിച്ചത് 80 ലധികം കയ്യേറ്റങ്ങളായിരുന്നു. 40 ലധികം അനധികൃത കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരേ നടപടികളുമായി മുമ്പോട്ട് പോകുമ്പോഴാണ് ദേവികുളത്തെ ആദ്യ വനിതാ സബ് കളക്ടറായ രേണു രാജിനെ മാറ്റുന്നത്.

ചിന്നക്കനാലില്‍ വ്യാജപട്ടയം നിര്‍മിച്ച് ഭൂമി കയ്യേറിയ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പല കമ്പനികളുടെയും പട്ടയങ്ങള്‍ റദ്ദാക്കിയിരുന്നു. പള്ളിവാസല്‍ വില്ലേജില്‍പ്പെട്ട ചിത്തിരപുരത്തെ അനധികൃത കെട്ടിടമായ ഗോള്‍ഡന്‍ മൂന്നാര്‍ പാലസ് റിസോര്‍ട്ടിന് പഞ്ചായത്ത് നല്‍കിയ ലൈസന്‍സ്, സബ് കളക്ടറുടെ കര്‍ശന നിര്‍ദേശപ്രകാരം തിങ്കളാഴ്ച പഞ്ചായത്ത് സെക്രട്ടറി റദ്ദ് ചെയ്തതാണ് അവസാനത്തെ നടപടി. മരടില്‍ പൊളിക്കാനൊരുങ്ങുന്ന ഫ്ളാറ്റിന്റെ ഉടമകളായ കെ.പി.വര്‍ക്കി ഗ്രൂപ്പിന്റേതാണ് ഈ റിസോര്‍ട്ടും.

കൈയേറ്റങ്ങള്‍ക്കും അനധികൃത നിര്‍മാണങ്ങള്‍ക്കുമെതിരേയുള്ള സബ് കളക്ടറുടെ നടപടിക്കെതിരേ സി.പി.എം. നേതാക്കളും എം.എല്‍.എ.യും പരസ്യമായി രംഗത്തെത്തിയിരുന്നു. ദേവികുളത്തെ ഭൂമി െകെയേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചതോടെ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായും മാറി. ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജുമായും എസ് രാജേന്ദ്രന്‍ എംഎല്‍എയുമായുള്ള ഏറ്റുമുട്ടലുകളും രേണുവിന്റെ ദേവികുളത്തെ നിലനില്‍പ്പിനെ ബാധിച്ചു. പുതിയ മാറ്റം അനുസരിച്ച് രേണുരാജിനെയും ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജിനെയും പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരായി മാറ്റി നിയമിക്കും.

Related posts