എന്നെ അപമാനിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും നിരവധി ശ്രമങ്ങള്‍ നടന്നു ! വെളിപ്പെടുത്തലുമായി നടി…

നേരിട്ട ക്രൂരമായ അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തി ആക്രമിക്കപ്പെട്ട നടി.

നീതി തേടിയുള്ള ഈ യാത്രയില്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നുണ്ടെന്നും യാത്ര തുടരുമെന്നും സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.

നടിയുടെ കുറിപ്പിങ്ങനെ… ‘ഇരയില്‍ നിന്ന് അതിജീവിതയിലേക്കുള്ള ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. നേരിട്ട അക്രമത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്റെ പേരും അടിച്ചമര്‍ത്തപ്പെട്ട നിലയിലാണ്.

കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അപമാനിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും നിരവധി ശ്രമങ്ങള്‍ നടന്നു.

പക്ഷേ അപ്പോഴെല്ലാം എന്റെ ശബ്ദം നിലച്ച് പോകാതിരിക്കാന്‍ ഉറച്ച പിന്തുണയുമായി ചിലര്‍ എനിക്ക് വേണ്ടി മുന്നിട്ടിറങ്ങി.

നീതിക്കായുള്ള ഈ പോരാട്ടത്തില്‍ ഞാന്‍ തനിച്ചല്ലെന്നും എനിക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒപ്പം നിരവധിപ്പേര്‍ ഉണ്ടെന്നും ഞാന്‍ തിരിച്ചറിയുന്നു.

നീതി നടപ്പിലാകുന്നത് കാണാന്‍, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാനും ഇനി ആര്‍ക്കും ആ അവസ്ഥ ഉണ്ടാകാതിരിക്കാനും ഈ യാത്ര ഞാന്‍ തുടരുക തന്നെ ചെയ്യും.

ഒപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നിങ്ങളുടെ സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി’

Related posts

Leave a Comment