അക്കാര്യം വെളിപ്പെടുത്താതെ അമ്മയില്‍ തുടരാനില്ല! യോഗത്തില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചിട്ട് തന്നെയാണ് വിട്ടു നിന്നത്; നയവും തീരുമാനവും വ്യക്തമാക്കി നടി റിമ കല്ലിങ്കല്‍

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായി തുടരുന്ന നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിന്ന് പലരും അമ്മയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടി റിമ കല്ലിങ്കല്‍ പ്രസ്തുത വിഷയത്തിലുള്ള തന്റെ നയവും തീരുമാനവും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. റിമയുടെ വാക്കുകളിങ്ങനെ…

വ്യക്തിപരമായി ഇതില്‍ തുടരാന്‍ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടാണ് ഇപ്പോള്‍ ഞാന്‍ ഇതില്‍ തുടരുന്നത്. അതില്‍ കൃത്യമായ മറുപടി നിങ്ങള്‍ക്ക് ലഭിക്കും. ‘അമ്മ’യുടെ യോഗത്തില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചിട്ടു തന്നെയാണ് പങ്കെടുക്കാതിരുന്നത്.

എന്ത് കൊണ്ട് ചോദിക്കേണ്ടിടത്ത് കാര്യങ്ങള്‍ ചോദിച്ചില്ല എന്ന ചോദ്യമാണ് എല്ലാവരും ഞങ്ങളോട് ചോദിക്കുന്നത്. രണ്ടു കാര്യങ്ങളാണ് അതില്‍ ഉള്ളത്. ഒന്ന് ഈ സംഭവം നടന്ന് ഒരു കൊല്ലമാകുന്നു. പല രീതിയില്‍ ‘അമ്മ’യുമായി ചര്‍ച്ചകള്‍ തുടങ്ങി വയ്ക്കാന്‍ നമ്മള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് നിങ്ങള്‍ കാണുന്നുണ്ട്.

അവസാനമായി നിങ്ങള്‍ കണ്ടതാണ് ‘അമ്മ’ എന്ന സംഘടന എല്ലാവരും കൂടി ഒത്തുകൂടി നടത്തിയ ഒരു സ്വകാര്യ ചാനല്‍ പരിപാടിയില്‍ അവര്‍ എന്ത് രീതിയിലാണ് ഞങ്ങള്‍ക്ക് ഒരു മറുപടി തന്നതെന്ന്. അതും ഒരു പബ്ലിക് പ്ലാറ്റ്ഫോമില്‍ വെച്ച്. ഞങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങളോട് അവര്‍ പ്രതികരിച്ചത് എങ്ങനെയെന്ന് നിങ്ങള്‍ കണ്ടതാണ്.

ആ രീതിയില്‍ ഞങ്ങള്‍ പറയുന്ന കാര്യങ്ങളെ കാണുന്ന ആളുകളോട് ഇനിയും പോയി ഒരു ചര്‍ച്ചയ്ക്ക് തയ്യാറാവേണ്ട ആവശ്യമെന്താണ്. ഇനിയും അവരോടൊപ്പം ഒരു ചര്‍ച്ചയ്ക്ക് ഇരുന്നു കൊടുക്കണമെന്ന് ഞങ്ങളോട് ആവശ്യപ്പെടരുതെന്നാണ് ആളുകളോട് ഞങ്ങള്‍ക്കുള്ള അപേക്ഷ. ‘അമ്മ’യില്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു എന്നാണ് ഒറ്റവാക്കിലുള്ള വിശദീകരണം.

പബ്ലിക്ക് ആയി അവര്‍ അതിന് മറുപടി തന്നുകഴിഞ്ഞു. എങ്ങനെയാണ് അവര്‍ നമ്മളെ കാണുന്നതെന്ന് കൃത്യമായി അറിയാം. മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ വരെ ആ സ്‌കിറ്റിന്റെ ഭാഗമായിരുന്നു. ഇത്രയ്ക്കും അപക്വമായി കാര്യങ്ങള്‍ കാണുന്നവരോട് എന്ത് പറയാനാണ്. അതുകൊണ്ട് എല്ലാവരും ചോദിക്കേണ്ട ചോദ്യം വളരെ ഡെമോക്രാറ്റിക് ആയ, പബ്ലിക് സ്പേസ് ആയ ഫെയ്‌സ്ബുക്കിലൂടെ ഞങ്ങള്‍ ചോദിക്കുന്നു.

മൂന്നു മാസം ജയിലില്‍ കിടന്ന, കുറ്റാരോപിതനായ, രണ്ടു പ്രാവശ്യം ജാമ്യം നിഷേധിച്ച ഒരു വ്യക്തിയും അതേസമയം അതില്‍ നിന്നും അതിജീവിച്ച മറ്റേ വ്യക്തിയും ഈ സംഘടനയുടെ ഭാഗമായി നില്‍ക്കുന്നു.

വളരെ വ്യക്തമായി കുറ്റാരോപിതന്റെ കൂടെയാണ് തങ്ങള്‍ നില്‍ക്കുന്നതെന്ന് പറയുമ്പോള്‍, ഇനി ഞങ്ങള്‍ എന്തിനാണ് ഈ സംഘടനയില്‍ തുടരേണ്ടതെന്ന് ഞാനും അക്രമത്തെ അതിജീവിച്ച ആ വ്യക്തിയും ഉള്‍പ്പടെയുള്ള അംഗങ്ങളെ മനസിലാക്കിപ്പിക്കേണ്ട് ‘അമ്മ’യുടെ ഉത്തരവാദിത്തമാണ്. അക്കാര്യം ‘അമ്മ’ ഞങ്ങളെ ബോധ്യപെടുത്താതെ ഈ സംഘടനയില്‍ തുടരേണ്ട ആവശ്യമില്ല എന്ന് ഞങ്ങള്‍ എല്ലാവരും കരുതുന്നു”- റിമ പറഞ്ഞു.

Related posts