മെറ്റില്‍ഡാ സോളമനും മുന്‍ ഭര്‍ത്താവും കൂടി പോലീസിനെ കുരങ്ങു കളിപ്പിക്കുന്നു ? പോലീസ് മാപ്പു സാക്ഷിയാക്കാന്‍ വിളിച്ചപ്പോള്‍ നൃത്താധ്യാപികയുടെ ഫോണ്‍ സ്വിച്ച് ഓഫ് ; റേഡിയോ ജോക്കിയുടെ കൊലപാതകക്കേസ് കുഴഞ്ഞു മറിയുന്നു…

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകക്കേസ് കുഴഞ്ഞു മറിയുന്നു. പ്രതികളുടെ വാക്കുകളിലെ പൊരുത്തക്കേടുകളും രാജേഷിന്റെ കാമുകിയായിരുന്ന നൃത്താധ്യാപികയുടെ വാക്കുകളും പോലീസില്‍ അടിമുടി സംശയം ജനിപ്പിക്കുകയാണ്.

കേസിലെ പ്രധാന പ്രതി അബ്ദുള്‍ സത്താറിനെ രക്ഷിക്കാന്‍ കോഴിക്കോട്ടെ പ്രവാസിയാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് പരസ്യമായി തന്നെ നൃത്താധ്യാപിക ആരോപിച്ചിരുന്നു. എന്നാല്‍ അലിഭായിയെന്ന് സാലിഹിനെ കുടിക്കിയ പൊലീസ് സത്താറിലേക്ക് തെളിവുകള്‍ എത്തിച്ചു.

ഇതോടെയാണ് സത്താറിന്റെ മുന്‍ ഭാര്യ കൂടിയായ കലാമണ്ഡലം മെറ്റില്‍ഡാ സോളമന്‍ അന്വേഷണവുമായി സഹകരണം നിര്‍ത്തിയത്. മെറ്റില്‍ഡയുടെ ഫോണ്‍ ഇപ്പോള്‍സ സ്വിച്ച് ഓഫ് ആണ് ഇവരെ മാപ്പു സാക്ഷിയാക്കാനുള്ള പോലീസിന്റെ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്.

മെറ്റില്‍ഡയുടെ ഈ നീക്കം കൊലപാതകത്തെക്കുറിച്ച് ഇവര്‍ക്ക് നേരത്തെ അറിയാമായിരുന്നു എന്ന സംശയത്തിന് ബലം നല്‍കുന്നതാണ്.

രാജേഷിനെ കൊന്നത് സത്താറല്ല എന്ന് ഖത്തറിലെ ഒരു റേഡിയോ ചാനലിനോട് മുമ്പ് മെറ്റില്‍ഡ പറഞ്ഞിരുന്നു. അലിഭായ് കൊലനടക്കുമ്പോള്‍ ദോഹയിലായിരുന്നെന്നു പോലും പറഞ്ഞു. കോഴിക്കോടുള്ള ഒരു പ്രവാസിയ്ക്കു നേരെ അന്വേഷണ മുന തിരിച്ചു വിടാനാണ് അവര്‍ അന്നു ശ്രമിച്ചത്. രാജേഷിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും മെറ്റില്‍ഡ പറഞ്ഞെങ്കിലും രാജേഷിന്റെ അച്ഛന്റെ വാക്കുകള്‍ ഇതെല്ലാം കള്ളമാണെന്നു തെളിയിക്കുന്നതായിരുന്നു.

തൊട്ടു പിന്നാലെ ഗൂഢാലോചനക്കാരന്‍ സത്താറാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. ഇതോടെ നൃത്താധ്യാപികയുടെ നിറം മാറി. അന്വേഷണവുമായി സഹകരണം നിര്‍ത്തിയ ഇവര്‍ സത്താറുമായി ഒന്നിച്ചുവെന്നും പോലീസ് സംശയിക്കുന്നു.മക്കളുടെ സംരക്ഷണ ചുമതല സത്താറിനാണുള്ളത്. അതുകൊണ്ട് തന്നെ ഇയാളെ രക്ഷിക്കാന്‍ മെറ്റില്‍ഡ ബോധപൂര്‍വ്വം ശ്രമിച്ചെന്നും പൊലീസ് കരുതുന്നു.

ഇക്കാര്യം അന്വേഷക സംഘം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സത്താറിനും മെറ്റില്‍ഡയ്ക്കും ഖത്തറില്‍ യാത്രാ വിലക്കുണ്ട്. ഇത് ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് സത്താറും മെറ്റില്‍ഡയും ശ്രമിക്കുന്നത്.

ഈ സാഹചര്യത്തില്‍ നയതന്ത്ര ഇടപെടല്‍ നത്തി ഇരുവരേയും നാട്ടിലെത്തിക്കാനും ശ്രമമുണ്ട്. രണ്ട് കോടിയുടെ കടമാണ് സത്താറിനുള്ളത്. ഇതുകൊടുത്ത് തീര്‍ത്താലേ പ്രതിയെ നാട്ടിലെത്തിക്കാന്‍ കഴിയൂ. എന്നാല്‍ പോലീസ് ഇതുവരെ തന്നെ ഫോണിലൂടെ പോലും ബന്ധപ്പെടാന്‍ ശ്രമിച്ചില്ലെന്ന് സത്താര്‍ ഒരു മലയാളി മാധ്യമത്തോടു പറഞ്ഞു.’ഞാന്‍ കുറ്റം ചെയ്തിട്ടില്ല.

പൊലീസ് എന്നെ പ്രതിയാക്കി കഥ മെനയുകയാണ്. വായില്‍ നാവുള്ള ആര്‍ക്കും എന്തും പറയാം. സാലിഹിനോട് നാട്ടില്‍ പോയി കീഴടങ്ങാന്‍ ആവശ്യപ്പെട്ടതും വിമാന ടിക്കറ്റിനുള്ള പണം നല്‍കിയതും ഞാനാണ്..’ സത്താര്‍ പറയുന്നു. ക്വട്ടേഷന്‍ നല്‍കിയത് താനാണെന്നതിന് എന്തു തെളിവാണുള്ളതെന്നും ഇയാള്‍ ചോദിക്കുന്നു.

സാലിഹ് കൊലപാതകം ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും തന്റെ കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടിയെടുക്കുമെന്നും ഇയാള്‍ പറഞ്ഞു.ഖത്തറില്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷ് കൊല്ലപ്പെട്ട കേസില്‍ ആറ് പ്രതികള്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

രണ്ടാം പ്രതി അലി ഭായ് എന്ന സാലിഹ് ഖത്തറില്‍ നിന്നും നാട്ടിലെത്തി പൊലീസിന് കീഴടങ്ങിയിരുന്നു. നാട്ടില്‍ ഒളിവില്‍ പോയ മൂന്നാം പ്രതി അപ്പുണ്ണിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെ കേസില്‍ അറസ്റ്റിലായ ഷിജിന കൊലപാതകം നടന്ന ദിവസവും ക്വട്ടേഷന്‍ സംഘത്തിന് പണം കൈമാറിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചു. കൊലപാതകം നടന്ന മാര്‍ച്ച് 27ന് ഒന്നാം പ്രതി സത്താറിന്റെ നിര്‍ദ്ദേശപ്രകാരം ഷിജിനയുടെ അക്കൗണ്ടില്‍നിന്ന് ക്വട്ടേഷന്‍ സംഘത്തിന് നേതൃത്വം നല്‍കിയ അപ്പുണ്ണിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് അരലക്ഷം രൂപയാണ് നിക്ഷേപിച്ചത്.

ഇത് ഉള്‍പ്പെടെ അപ്പുണ്ണിയുടെ അമ്മ, കേസില്‍ അറസ്റ്റിലായ യാസീന്റെ സുഹൃത്ത് നിഖില്‍ ശ്രീനാഥ് എന്നിവരുടെ അക്കൗണ്ടിലേക്ക് നാലു തവണയായാണ് 1,16,000 രൂപ കൈമാറിയത്. ഇതില്‍ ഒരു തവണ പണം കൈമാറിയതു കൊലപാതകത്തിനു മുമ്പ് മാര്‍ച്ച് 17നാണ്. മേല്‍പറഞ്ഞവരുടെ ബാങ്ക് ഡീറ്റെയ്ല്‍സ് ഷിജിനയ്ക്ക് അയച്ചു കൊടുത്തത് സത്താറാണ്.

പറവൂരിലെ ഒരു സഹകരണ ബാങ്കില്‍ സ്വര്‍ണം പണയംവച്ചാണ് പ്രതികള്‍ക്ക് നല്‍കാനുള്ള പണം കണ്ടെത്തിയതെന്നാണ് ഷിജിന നല്‍കിയ മൊഴി. എസ്ബിഐ കൊച്ചി ഷിപ്പ് യാര്‍ഡ് ശാഖയിലെ അക്കൗണ്ട് വഴിയാണ് ഷിജിന പണം കൈമാറിയത്.

എന്നാല്‍, ഷിജിനയുടെ ഈ അക്കൗണ്ടിലേക്ക് സത്താര്‍ പണമയച്ചതായി കണ്ടെത്താനായിട്ടില്ല. അതിനാല്‍ ഷിജിനയ്ക്ക് മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

 

 

Related posts