ത്രിപുരയില്‍ പാര്‍ട്ടി ഓഫീസുകള്‍ പൊളിച്ചടുക്കി ബിപ്ലബ്, സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒപ്പം സ്വന്തം പാര്‍ട്ടിയുടെയും ഓഫീസുകള്‍ പൊളിച്ചു മാറ്റുന്നത് ബുള്‍ഡോസര്‍ ഉപയോഗിച്ച്, ത്രിപുര വീണ്ടും വാര്‍ത്തയാകുന്നത് ഇങ്ങനെ

ത്രിപുരയില്‍ സിപിഎമ്മിന്റെ വര്‍ഷങ്ങള്‍ നീണ്ട ഭരണത്തിന് അവസാനമായിട്ട് കുറച്ചു മാസങ്ങളായതേയുള്ളു. ബിജെപിയുടെ ബിപ്ലവ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷം ത്രിപുര മിക്ക ദിവസങ്ങളിലും ദേശീയ മാധ്യമങ്ങളുടെ വാര്‍ത്ത കോളങ്ങളില്‍ സജീവമാണ്. ബിപ്ലബ്കുമാറിന്റെ മണ്ടത്തരങ്ങളായിരുന്നു ഇത്രനാളും ത്രിപുരയെ വാര്‍ത്തകേന്ദ്രമാക്കിയതെങ്കില്‍ ഇപ്പോഴിതാ കാര്യങ്ങള്‍ മാറിമറിയുന്നു.

ത്രിപുരയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ പൊളിക്കുന്നതാണ് പൂതിയ വാര്‍ത്ത. സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിയാന്‍ ഈ മാസം ആറുവരെയായിരുന്നു സര്‍ക്കാര്‍ സമയം നല്കിയിരുന്നു. അന്ത്യശാസന സമയം കഴിഞ്ഞതോടെ പോലീസിന്റെ സംരക്ഷണയില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പാര്‍ട്ടി ഓഫീസുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു തുടങ്ങി.

ബിപ്ലബിന്റെ തീരുമാനത്തില്‍ നാഷ്ടങ്ങളേറെ സിപിഎമ്മിനാണ്. നൂറോളം പാര്‍ട്ടി ഓഫീസുകള്‍ പൊളിച്ചു നീക്കാനാണ് നിര്‍ദേശം നല്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന പാര്‍ട്ടി ഓഫീസുകള്‍ അനധികൃത നിര്‍മാണങ്ങളാണെന്ന് സമ്മതിക്കുന്ന സിപിഎം സംസ്ഥാന ബിജന്‍ ദര്‍, തങ്ങള്‍ക്ക് സമയം തരണമെന്നാണ് ആവശ്യപ്പെടുന്നത്. 99 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനാണ് സിപിഎമ്മിന് സര്‍ക്കാര്‍ നോട്ടീസ് നല്കിയിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ 37 കെട്ടിടങ്ങളാണ് സര്‍ക്കാര്‍ ഭൂമിയില്‍ ഉള്ളത്. പൊളിച്ചുമാറ്റാന്‍ തങ്ങള്‍ തയാറെണെന്നും എന്നാല്‍ ഇതിന് കൂടുതല്‍ സമയം വേണമെന്നും കോണ്‍ഗ്രസ് പറയുന്നു. മധ്യ ത്രിപുരയില്‍ ഓഫീസ് പൊളിക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റിലുമായി.

പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തന സ്വാതന്ത്രം തടയുകയാണ് ബിപ്ലബ് ചെയ്യുന്നതെന്നാണ് സിപിഎമ്മും പറയുന്നത്. എന്നാല്‍ ബിജെപിയുടെ 15 ഓഫീസുകളും പൊളിച്ചു മാറ്റുന്നുണ്ടെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

Related posts