ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഹാട്രിക്; റയൽ സെമിയിൽ

ronaldo-Lമാഡ്രിഡ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ റയൽ മാഡ്രിഡ് യുവേഫ ചാന്പ്യൻസ് ലീഗിന്‍റെ സെമിഫൈനലിൽ കടന്നു. രണ്ടാം പാദ ക്വാർട്ടറിൽ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തറപ്പറ്റിച്ചു. ഇതോടെ രണ്ടു പാദങ്ങളിൽ നിന്നുമായി 6-3ന്‍റെ ജയത്തോടെ റയൽ സെമിയിൽ പ്രവേശിച്ചു. ഹാട്രിക് ഗോളിനൊപ്പം ചാന്പ്യൻസ് ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും റൊണാൾഡോയെ തേടിയെത്തി.

എവേ മത്സരത്തിൽ 2-1ന്‍റെ വിജയം നേടിയതിന്‍റെ ആത്മവിശ്വാസവുമായാണ് റയൽ കളത്തിലിറങ്ങിയത്. റയലിന്‍റെ മൈതാനമായ സാന്‍റിയാഗൊ ബർണബ്യുവിൽ നടന്ന പോരാട്ടത്തിന്‍റെ 53-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. റയലിന്‍റെ കാസെമിറോയുടെ ഫൗളിന് പിഴയായി ലഭിച്ച പെനാൽറ്റി മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോസ്കി ഗോളാക്കി. എന്നാൽ 76-ാം മിനിറ്റിൽ റൊണാൾഡോ സമനില പിടിച്ചു. തൊട്ടടുത്ത മിനിറ്റിൽ റാമോസ് സെൽഫ് ഗോൾ വഴങ്ങിയതോടെ ബയേണ്‍ ലീഡ് പിടിച്ചു.

ഒരു ഗോളിന്‍റെ ലീഡോടെ മുന്നേറിയ ബയേണ്‍ 84-ാം മിനിറ്റിൽ പത്തുപേരായി ചുരുങ്ങി. ചിലിയൻ സ്ട്രൈക്കർ അർതുറോ വിദാൽ ചുവപ്പുകാർഡു കണ്ടു പുറത്തായതോടെയായിരുന്നു ഇത്. ഇതോടെ റയൽ ഉണർന്നു കളിച്ചു. അധികസമയത്തേക്ക് നീണ്ട കളിയിൽ 104, 109 മിനിറ്റുകളിൽ റൊണാൾഡോയും 112-ാം മിനിറ്റിൽ അസെൻസിയോയും ഗോൾ നേടിയതോടെ ബയേണിന്‍റെ പതനം പൂർത്തിയായി.

മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച അത്‌‌ലറ്റിക്കോ മാഡ്രിഡും സെമിഫൈനലിൽ കടന്നു. ഇരുടീമും ഓരോ ഗോൾ വീതം അടിച്ച സമനില പാലിച്ചു. ഇതോടെ രണ്ടു പാദങ്ങളിൽ നിന്നുമായി 2-1ന്‍റെ ജയത്തോടെ അത്‌‌ലറ്റിക്കോ സെമിയിൽ പ്രവേശിച്ചു.

Related posts