ആ മുഖംമൂടിയും അഴിഞ്ഞു വീണു! പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായമെന്ന പേരില്‍ ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് അക്കൗണ്ടിലൂടെ പുറത്തുവിട്ട ചിത്രങ്ങള്‍ ഗുജറാത്തില്‍ നിന്നുള്ളത്

കൊടും മഴയും അതുമായി ബന്ധപ്പെട്ട കെടുതികളും കേരളത്തിലെങ്ങും ദുരിതം വിതച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരും ജാതിയും മതവും രാഷ്ട്രീയവുമെല്ലാം മറന്ന് ഒന്നിച്ച് നിന്ന് നേരിടേണ്ട ഈ പ്രതിസന്ധി ഘട്ടത്തില്‍പ്പോലും അവസരം മുതലാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ചിലരുടെ മുഖംമൂടിയാണ് ഇപ്പോള്‍ അഴിഞ്ഞു വീണിരിക്കുന്നത്.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇറങ്ങിയെന്ന തരത്തില്‍ ആര്‍എസ്എസ് പ്രചരിപ്പിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. അവര്‍ പ്രചരിപ്പിച്ച ആ ചിത്രങ്ങള്‍ ഗുജറാത്തില്‍ നിന്നുള്ളതാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.

വെരിഫൈഡ് അക്കൗണ്ടായ ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് തിങ്കളാഴ്ചയാണ് ഈ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. ദുരിതബാധിതരെ സഹായിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധിപേരാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്.

ജനങ്ങള്‍ക്ക് അരിയും സാധനങ്ങളും വിതരണം ചെയ്യുന്ന ഈ ചിത്രങ്ങള്‍ 2017 ആഗസ്റ്റില്‍ ഗുജറാത്തില്‍ നിന്നെടുത്തതാണ്. ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വെരിഫൈഡ് അക്കൗണ്ടില്‍ പോലും ഈ ചിത്രം പ്രത്യക്ഷപ്പെട്ടത് സംശയത്തിന് ഇടവരുത്തിയിരുന്നു.

ഇടതുപക്ഷ പ്രവര്‍ത്തകരാല്‍ കൊല്ലപ്പെടുമ്പോഴും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നുവെന്നാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് സംഘപരിവാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അതെല്ലാം വ്യാജമായിരുന്നു എന്നാണ് ഇപ്പോള്‍ മനസിലാവുന്നത്.

Related posts