പരീക്ഷ മാറ്റിവയ്ക്കാനായി 15കാരന്‍ കത്തിയുമായി സ്‌കൂളിലെത്തി, രണ്ടാംക്ലാസുകാരനെ ബാത്ത്‌റൂമില്‍ വച്ച് കുത്തിക്കൊന്നു, റയാന്‍ സ്‌കൂളിലെ കുട്ടിക്കൊലപാതകി പിടിയിലായതിങ്ങനെ

ഗുരുഗ്രാം റയാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്‍ പ്രദ്യൂമന്‍ ഠാക്കൂറിന്റെ മരണം അന്വേഷിച്ച സിബിഐയുടെ കണ്ടെത്തലുകളില്‍ രാജ്യം നടുങ്ങി. സ്‌കൂളിലെ പരീക്ഷ മാറ്റിവയ്ക്കുന്നതിനും ഇതുവഴി പിടിഎ യോഗം വൈകുവാന്‍ വേണ്ടിയുമാണ് കുട്ടിയെ കൊന്നതെന്നാണ് സിബിഐ കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതിയെന്ന് സിബിഐ കണ്ടെത്തിയ ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.

വിശദമായ ചോദ്യംചെയ്യലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി കുറ്റം സമ്മതിച്ചുവെന്നാണ് സിബിഐ അറിയിച്ചത്. കുറ്റകൃത്യം നടന്ന സ്ഥലം, സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍വിളി രേഖകള്‍ എന്നിവയ്ക്കു പുറമേ കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തുവെന്നും ഇതിലൂടെയാണ് യഥാര്‍ഥ പ്രതിയിലേക്ക് എത്തിയതെന്നും സിബിഐ വക്താവ് അഭിഷേക് ദയാല്‍ പറഞ്ഞു.

സംഭവ ദിവസം വീട്ടില്‍ നിന്നും കത്തിയുമായി എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥി തന്റെ സ്‌കൂളിലെ രണ്ടാം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് നേരത്തെ തന്നെ കണ്ടെടുത്തിരുന്നു. പഠനത്തില്‍ മോശമായ പ്ലസ് വണ്‍ വിദ്യാര്‍ഥി പരീക്ഷ നീട്ടിവയ്ക്കാന്‍ ആഗ്രഹിച്ചിരുന്നു. പരീക്ഷ നടന്നാല്‍ പിന്നാലെ പിടിഎ യോഗം വിളിക്കുമെന്നും തനിക്ക് പ്രശ്‌നമാകുമെന്നും മനസിലാക്കിയ വിദ്യാര്‍ഥി ഇത്തരമൊരു കുറ്റകൃത്യത്തിന് മുതിരുകയായിരുന്നു. പ്രദ്യൂമനെത്തന്നെ കൊലപ്പെടുത്തണമെന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ചിന്തയില്ലായിരുന്നുവെന്നും ആരെങ്കിലുമായിരുന്നു ലക്ഷ്യമെന്നും സിബിഐ കണ്ടെത്തി.

കേസ് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും, അറസ്റ്റിലായ വിദ്യാര്‍ഥിയുടെ മാതാപിതാക്കളെ വിവരങ്ങള്‍ അറിയിച്ചിരുന്നുവെന്നും സിബിഐ വക്താവ് പറഞ്ഞു. സെപ്റ്റംബര്‍ 22-നാണ് ഹരിയാന പോലീസില്‍ നിന്നും സിബിഐ കേസ് ഏറ്റെടുത്തത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍, അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.

കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് റയാന്‍ സ്‌കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന്‍ ഠാക്കൂര്‍ എന്ന ഏഴ് വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. രാജ്യത്തെ നടുക്കിയ സംഭവത്തില്‍ ഹരിയാന പോലീസാണ് ആദ്യം അന്വേഷണം നടത്തിയത്. പിന്നാലെ, സംഭവത്തിന് പിന്നിലെ പ്രതിയെന്ന് ആരോപിച്ച് പോലീസ് സ്‌കൂള്‍ ബസിലെ ജീവനക്കാരന്‍ അശോക് കുമാറിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്, മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. പിന്നീടാണ് കേസ് സിബിഐ ഏറ്റെടുത്തത്.

Related posts