കുട്ടിയായിരുന്നപ്പോഴും പ്രായപൂര്‍ത്തിയായശേഷവും ലൈംഗിക പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്; വെളിപ്പെടുത്തലുമായി നടി സജിത മഠത്തില്‍

തനിക്കും ലൈംഗിക പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ സജിത മഠത്തിലിന്റെ വെളിപ്പെടുത്തല്‍. കൗമാര കാലഘട്ടത്തിലും മുതിര്‍ന്ന ശേഷവും അങ്ങനെ പലപ്പോഴും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. പരിചയമുള്ളവരും പരിചയം ഇല്ലാത്തവരും കാണും, നമ്മെ പീഡിപ്പിക്കുന്നവരുടെ കൂട്ടത്തില്‍. പല തരത്തിലുള്ള പുരുഷന്മാരുണ്ട്. ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നവരുണ്ട്. സുഹൃദ് വലയത്തില്‍ പെട്ടവരുണ്ട്. പീഡനങ്ങള്‍ എവിടെ നിന്ന് വേണമെങ്കിലും സംഭവിക്കാം. സജിത മഠത്തില്‍ പറയുന്നു. ഹോളിവുഡ് നടി അലീസ മിലാനോ തുടങ്ങിവച്ച മീ ടൂ ഹാഷ് ടാഗിന്റെ ഭാഗമായായിരുന്നു സജിത മഠത്തിലിന്റെ വെളിപ്പെടുത്തല്‍.

ലൈംഗിക അതിക്രമം ഒരു അപകടമല്ല. അത് ഒഴിച്ചുകൂടാന്‍ ആവാത്തതും അല്ല. അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണ് അത്. വേണമെന്ന് വെച്ച് ചെയ്യുന്നതാണ് അത്. അത് തടയപ്പെടേണ്ടതാണ്. ലൈംഗികമായി ആക്രമിക്കപ്പെടുകയോ അധിക്ഷപിക്കപ്പെടുകയോ ചെയ്യപ്പെട്ട എല്ലാ സ്ത്രീകളും ഞാനും എന്ന് സ്റ്റാറ്റസായി ഇട്ടാല്‍ ഈ പ്രശ്‌നത്തിന്റെ ആഴം എല്ലാവര്‍ക്കും ബോധ്യപ്പെടും. സജിത ഫേസ്ബുക്കില്‍ കുറിച്ചു.

ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് ബോധവത്കരിക്കുന്ന മി ടൂ ക്യാംപയ്ന്‍ സോഷ്യല്‍ മീഡിയ നെറ്റവര്‍ക്കുകളില്‍ നടക്കുകയാണ്. ആയിരക്കണക്കിന് സ്ത്രീകളാണ് മീ ടൂ എന്ന ഹാഷ് ടാഗിട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നത്. ഹോളിവുഡ് നിര്‍മാതാവും സ്റ്റുഡിയോ ഉടമയും ആയ ഹാര്‍വി വിന്‍സ്റ്റീനെതിരെ ഗുരുതരമായ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് കാംപെയ്ന്‍. മലയാളി നടിമാരായ റിമ കല്ലിങ്കലും സജിത മഠത്തിലുമുള്‍പ്പെടെയുള്ള താരങ്ങളും ഷാഹിന നഫീസ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഹാഷ് ടാഗിനൊപ്പം ചേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പുറമേ പുരുഷന്മാരും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുണ്ട്.

Related posts