ആയുധം കൈവശം വച്ച കേസ്; സല്‍മാന്‍ കുറ്റവിമുക്തന്‍; കേസുമായി ബന്ധപ്പെട്ട് നടനെതിരെ തെളിവില്ലെന്ന് കോടതി

salmanജയ്പൂര്‍: അനധികൃതമായി ആയുധം കൈവശം വച്ച കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കി. ജോധ്പൂര്‍ കോടതിയുടേതാണ് വിധി. കേസുമായി ബന്ധപ്പെട്ട് സല്‍മാനെതിരെ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. സംഭവം നടന്ന് പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധി. കോടതിയുടെ നിര്‍ദേശ പ്രകാരം സല്‍മാന്‍ കോടതിയില്‍ ഹാജരായിരുന്നു. കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിന് കേസിന്റെ അന്തിമ വിചാരണ അവസാനിച്ചുവെങ്കിലും വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജസ്റ്റീസ് ദളപത് സിംഗ് രാജ് പുരോഹിത് ആണ് വിധി പ്രസ്താവിച്ചത്.

1998ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ടാണ് തോക്ക് കൈവശം വച്ചതിനും സല്‍മാനെതിരെ പൊലീസ് കേസെടുത്തത്. സല്‍മാന്റെ പക്കല്‍ നിന്നും ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്ക് പോലീസ് പിടിച്ചെടുത്തിരുന്നു.

നേരത്തെ, കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ ഖാനെ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കീഴ്‌കോടതി ശിക്ഷ വിധിച്ചിരുന്നുവെങ്കിലും അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി സല്‍മാനെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതോടെ ചിങ്കാര മാനിനെ വേട്ടയാടിയതുള്‍പ്പെടെയുള്ള നാലു കേസുകളില്‍ മൂന്നിലും സല്‍മാന്‍ കുറ്റവിമുക്തനായി.

Related posts