വഴിവിട്ട ബന്ധം സാലുവിന് നഷ്ടമാക്കിയത് സ്വന്തം ജീവന്‍, ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം തമിഴ്‌നാട്ടിലേക്കുള്ള യാത്ര ദുരന്തമായി, മുനിയറ കൊലപാതകം ഓര്‍മിപ്പിക്കുന്നത്

1 saluകാണാതായ വീട്ടമ്മയെ കൊലപ്പെടുത്തി പുഴയില്‍ തള്ളി. സംഭവത്തില്‍ കാമുകനെയും സുഹൃത്തിനെയും ഒരു മാസത്തിനു ശേഷം പോലീസ് പിടികൂടി. മുനിയറ തിങ്കള്‍ക്കാട് പൊന്നിടുത്തുംപാറയില്‍ ബാബുവിന്റെ ഭാര്യ സാലു(42)വിനെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയെന്നാണു കേസ്. ഉപ്പുതറ കരുന്തരുവി എസ്‌റ്റേറ്റ് ലയത്തില്‍ താമസക്കാരനായ പാസ്റ്റര്‍ സലിന്‍(42), തമിഴ്‌നാട് ഉത്തമപാളയം സ്വദേശി ജെയിംസ് എന്നിവരെയാണ് അടിമാലി സിഐ ടി.യു.യൂനസിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ നവംബര്‍ നാലിനു രാത്രി 11.30ഓടെ കാറില്‍ വച്ചു സാലുവിനെ കൊലപ്പെടുത്തിയ ശേഷം കുമളിക്കു സമീപം തമിഴ്‌നാട് അതിര്‍ത്തിയായ ഇരച്ചില്‍പ്പാലത്തു പുഴയില്‍ തള്ളിയെന്നു പ്രതികള്‍ പോലീസിനോടു സമ്മതിച്ചെന്നാണ് ലഭിക്കുന്ന വിവരം.

പോലീസ് പറയുന്നതിങ്ങനെ: നവംബര്‍ മൂന്നുമുതല്‍ സാലുവിനെ കാണാനില്ലെന്നു കാണിച്ചു ഭര്‍ത്താവ് ബാബു, വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്. മൂന്നു വര്‍ഷമായി സലിനും സാലുവും പ്രണയത്തിലായിരുന്നു. സലിനില്‍നിന്നു രണ്ടു ലക്ഷം രൂപ സാലു വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ബന്ധം വീട്ടിലറിയിക്കുമെന്നു ഭീഷണിപ്പെടുത്തി. ഇതെത്തുടര്‍ന്നുള്ള വൈരാഗ്യമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണു സൂചന.

നവംബര്‍ ഒന്നിനു തമിഴ്‌നാട് ഉത്തമപാളയത്തെത്തിയ സലിന്‍ ജെയിംസുമായി ചേര്‍ന്നു കൊലപാതക പദ്ധതി തയാറാക്കി. മൂന്നാം തീയതി ബന്ധുവിന്റെ കാറില്‍ സലിന്‍ സാലുവിനെയും കൂട്ടി ഉത്തമപാളയത്തെത്തി. അന്ന് അവിടെ തങ്ങിയ ശേഷം പിറ്റേന്നു ജയിംസിനെയും ഒപ്പം കൂട്ടി കുമളിയിലേക്കു തിരിച്ചു. രാത്രി 11.30ഓടെ ഇരച്ചില്‍പ്പാലത്തിനു സമീപമെത്തിയപ്പോള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. കാണാതായെന്ന പരാതി കിട്ടിയതിനെത്തുടര്‍ന്നു സാലുവിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതോടെയാണു പ്രതികളെക്കുറിച്ചു സൂചന കിട്ടിയത്. പ്രതികളുടെ മൊഴിപ്രകാരം സംഭവസ്ഥലത്തിനു സമീപം പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെടുക്കാനായിട്ടില്ല ലോവര്‍ പെരിയാറില്‍നിന്നു നിരൊഴുക്ക് നിര്‍ത്തിവച്ച ശേഷം തെരച്ചില്‍ നടത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി സംഭവസ്ഥലം സന്ദര്‍ശിക്കും. പ്രതികളെ ഇന്നു രാവിലെ അടിമാലി പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കും.

Related posts