മനുഷ്യനിലെ നല്ല ഭാവങ്ങളെ മുഴുവന്‍ ഒന്നിച്ചൊരു ഫ്രെയിമില്‍ കൊണ്ടുവന്ന ആ ചിത്രങ്ങള്‍ക്ക് പിന്നിലെ കഥ! പ്രസന്നകുമാരി ടീച്ചറെയും കുട്ടികളെയും കാമറയില്‍ പകര്‍ത്തിയ സമീര്‍ എ ഹമീദ് പറയുന്നു

ഒരു മനുഷ്യനിലെ എല്ലാ നന്മഭാവങ്ങളും ഒന്നിച്ചൊരു ഫ്രെയിമില്‍ വരുന്ന രീതിയിലുള്ള ഏതാനും ചിത്രങ്ങളാണ് കഴിഞ്ഞ കുറേദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍ മലപ്പുറത്തു സംഘടിപ്പിച്ച ‘ശലഭങ്ങള്‍’ ബഡ്‌സ് സ്‌പെഷല്‍ സ്‌കൂള്‍ ബിആര്‍സി കലോത്സവ വേദിയില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു അത്. നൃത്ത മത്സരത്തിനിടെ സ്റ്റേജിനു മുന്‍നിരയില്‍ത്തന്നെയിരുന്ന് പ്രസന്നകുമാരി എന്ന കെയര്‍ടേക്കര്‍ തന്റെ പ്രിയപ്പെട്ട കുട്ടികള്‍ക്കു നിര്‍ദേശം നല്‍കുന്ന ആ കാഴ്ച മലയാളികളുടെ മുഴുവന്‍ കണ്ണുകളെ ഈറനണിയിച്ചു. താന്‍ നേരിട്ട് കണ്ട ആ സുന്ദര നിമിഷത്തെ കാമറയ്ക്കുള്ളില്‍ കടത്തി, ലോകം മുഴുവനെയും കാണിച്ച മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍ സമീര്‍ എ. ഹമീദ്, ആ ചിത്രത്തിന്റെ പിന്നില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് പറയുന്നതിങ്ങനെ…

പൊതുവേ പത്ര ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് അലസ ദിനമാണ് ഞായറാഴ്ച. പക്ഷേ നവംബര്‍ അഞ്ചിനു ഞായറാഴ്ച മലപ്പുറത്ത് ആഘോഷ നിമിഷങ്ങളായിരുന്നു. ഗവ.കോളജില്‍ ബഡ്‌സ് സ്‌പെഷല്‍ സ്‌കൂള്‍ കലോല്‍സവം നടക്കുന്നു. രാവിലെത്തന്നെ സ്ഥലത്തെത്തി. ഏതാനും ചിത്രങ്ങളെടുത്ത് മടങ്ങുകയായിരുന്നു ലക്ഷ്യം. വേദികളിലൊന്നില്‍ കുട്ടികളുടെ സിംഗിള്‍സ് ഡാന്‍സ് മത്സരമാണ്. ക്യാമറയുമായി കാത്തുനിന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മികച്ച പ്രകടനങ്ങള്‍ മുന്നില്‍. അതിനിടയ്ക്കാണ് വേദിക്കു മുന്നില്‍ നിന്നുള്ള ആ കാഴ്ച.

ചില കുട്ടികള്‍ വരുമ്പോള്‍ മുന്‍നിരയിലിരിക്കുന്ന അധ്യാപികയെന്നു തോന്നിപ്പിക്കുന്ന വനിത തന്റെ കയ്യിലെ വെളുത്ത തൂവാല വീശി കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. പകപ്പോടെ വേദിയിലേക്കു വരുന്ന പല മത്സരാര്‍ഥികളും കണ്മുന്നില്‍ അവരുടെ മുഖം കാണുന്നതോടെ പിന്നെ മനസ്സുനിറഞ്ഞ ചിരിയായിരിക്കും. തൊട്ടുപിന്നാലെ അവരുടെ ആംഗ്യങ്ങളായുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കുട്ടികള്‍ ചുവടു വയ്ക്കും. ചുവടുകളും മുദ്രകളും എല്ലാം മത്സരം കഴിയുന്നതുവരെ അവര്‍ കൃത്യമായി കാണിച്ചുകൊണ്ടേയിരുന്നു. അതിനിടയ്ക്ക് ആരെങ്കിലും മുന്നില്‍വന്നു നിന്നാലോ, അവരെ തൊട്ടടുത്ത നിമിഷം തന്നെ മാറ്റുകയും ചെയ്യും. മത്സരം കഴിഞ്ഞ്, കാണികളുടെ കയ്യടികളും ആരവവും ഏറ്റുവാങ്ങി മത്സരാര്‍ഥികള്‍ തിരികെ പോകുമ്പോള്‍ വേദിയിലിരുന്ന് തന്റെ കയ്യിലെ വെളുത്ത തൂവാല കൊണ്ടുതന്നെ കണ്ണൊപ്പുകയായിരുന്നു അവര്‍.

സമീപത്തുനിന്ന ഒരു അധ്യാപികയോടു ചോദിച്ചു. ‘മാറഞ്ചേരി സ്‌പെക്ട്രം ബഡ്‌സ് സ്‌കൂളിലെ കെയര്‍ ടേക്കറാണ്… പേര് പ്രസന്നകുമാരി’ എന്നു മറുപടി. പിന്നെയും കുട്ടികള്‍ വന്നു. ഓരോരുത്തരെയും തൂവാല കൊണ്ടു ശ്രദ്ധയാകര്‍ഷിച്ച് നൃത്തം ചെയ്യിപ്പിക്കുകയാണ് പ്രസന്നകുമാരി. എല്ലാ മത്സരത്തിനുമൊടുവില്‍ സന്തോഷാശ്രുക്കള്‍ നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കുന്നുമുണ്ട്. വേദിയില്‍ മത്സരം നടക്കുമ്പോഴും അവരില്‍ത്തന്നെയായിരുന്നു എന്റെ ശ്രദ്ധ. ദൂരെയിരുന്ന് പലതവണ ക്യാമറ ക്ലിക്ക് ചെയ്തു. അവര്‍ പക്ഷേ ഇതൊന്നും അറിയുന്നില്ല. ചിത്രമെടുക്കുന്നതു മാത്രമല്ല പരിസരത്തുള്ള മറ്റൊന്നിനെക്കുറിച്ചും അവര്‍ക്കു ശ്രദ്ധയുണ്ടായിരുന്നില്ല. മനസ്സു മുഴുവനും കണ്മുന്നിലെ കുരുന്നുകളിലേക്കായിരുന്നു.

ഓരോ മത്സരത്തിനുമൊടുവില്‍ അവര്‍ കണ്ണുതുടയ്ക്കുമ്പോള്‍ ക്യാമറയ്ക്കു പിന്നില്‍ എന്റെ കണ്ണുകളിലും ചെറുകണ്ണീര്‍ നനവ് തിരിച്ചറിയുന്നുണ്ടായിരുന്നു. അത്രയേറെ മനസ്സില്‍ തൊടുന്ന കാഴ്ച. പതിനൊന്നരയോടെ തിരികെ പോകേണ്ടിയിരുന്ന ഞാന്‍ അന്നു വൈകിട്ട് രണ്ടര വരെയെങ്കിലും ആ വേദിക്കു മുന്നില്‍ നിന്നെങ്കില്‍ അതിനു കാരണക്കാരായവരില്‍ ഒരാള്‍ പ്രസന്നകുമാരി ടീച്ചറായിരുന്നു. പിന്നെ, ഓരോ കുട്ടികളുടെയും പ്രകടനത്തിനൊടുവില്‍ ഹൃദയം നിറഞ്ഞു കയ്യടിച്ച ആ കാണികളും. കുട്ടികളുടെ അദ്ഭുത പ്രകടനം കണ്ട് കണ്ണുനിറഞ്ഞായിരുന്നു പലരും കയ്യടിച്ചെന്നതാണു സത്യം.

മത്സരത്തിനിടെ വേദിയില്‍ ചുവടുവയ്ക്കാന്‍ മടിച്ചു നിന്ന പെണ്‍കുട്ടിയുടെ ഒപ്പം നിന്ന് നൃത്തം ചെയ്ത കെ.എച്ച്. ഹരിത ടീച്ചറുടെ നന്മക്കാഴ്ചയും സമ്മാനിച്ചത് ഇതേ വേദിയായിരുന്നു. കരുവാരകുണ്ട് ബിആര്‍സിയിലെ കെ.അനുപ്രഭ നൃത്തം ചെയ്യാന്‍ വന്നപ്പോഴായിരുന്നു അത്. കുട്ടിക്കൊപ്പം അധ്യാപികയും നൃത്തം ചെയ്തപ്പോള്‍ വന്‍ കരഘോഷത്തോടെയാണ് സദസ്സ് അതിനെ സ്വീകരിച്ചത്. രണ്ടു ചിത്രങ്ങളും നവംബര്‍ ആറിനു ‘മലയാള മനോരമ’യില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ചൊവ്വാഴ്ച ഞാന്‍ ഓഫായിരുന്നു. പക്ഷേ വൈകുന്നേരമായപ്പോഴേക്കും സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞു: ‘എടാ, നിന്റെ ഫോട്ടോ വൈറലാവുകയാണല്ലോ…’ അന്വേഷിച്ചപ്പോള്‍ ശരിയാണ്. പത്രത്തിന്റെ ഇപേപ്പറില്‍ നിന്ന് ‘സ്ട്രിപ് ആയി’ പ്രസിദ്ധീകരിച്ച ഫോട്ടോകളെടുത്ത് ആരോ വേറൊരു ഫോണ്ടില്‍ ക്യാപ്ഷനും കൊടുത്ത് കാര്‍ഡ് രൂപത്തിലാക്കി പ്രചരിപ്പിക്കുന്നു! നല്ലൊരു കാര്യത്തിനു വേണ്ടിയല്ലേ എന്നു കരുതി ആശ്വസിച്ചു. ഫോട്ടോ എടുത്തത് ഞാനാണെന്നറിയാവുന്ന പലരും ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമെല്ലാം അഭിനന്ദനങ്ങളുമായെത്തി. പലരും പ്രസന്നകുമാരിയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു വിളിച്ചു. പക്ഷേ മത്സരം കഴിഞ്ഞയുടനെ ടീച്ചര്‍ പോയതിനാല്‍ പിന്നീടൊന്നു സംസാരിക്കാന്‍ പോലുമായിരുന്നില്ല.

 

 

Related posts