ശശികല ജയിലില്‍ നിന്നും രഹസ്യമായി പുറത്തു പോയത് എംഎല്‍എയുടെ വീട്ടിലേക്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡിഐജി ഡി.രൂപ

ബംഗളൂരു: വി.കെ. ശശികല പരപ്പന അഗ്രഹാര ജയിലില്‍നിന്ന് പുറത്തേക്കു പോയിരുന്നുവെന്നും അത് സമീപമുള്ള ഒരു എംഎല്‍എയുടെ വീട്ടിലേക്കായിരുന്നുവെന്നും മുന്‍ ജയില്‍ ഡിഐജി
ഡി. രൂപ. ഇതു തെളിയിക്കാനാവശ്യമായ വ്യക്തമായ തെളിവുകള്‍ കൈവശമുണ്ടെന്നും അഴിമതി വിരുദ്ധ ബ്യൂറോയ്ക്കു (എസിബി) നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിഐജി വ്യക്തമാക്കി. ജയിലിനു സമീപമുള്ള വീട് ഹൊസൂര്‍ എംഎല്‍എയുടേതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ജയിലിന്റെ കവാടത്തിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ജയിലിന്റെ ഒന്നും രണ്ടും ഗേറ്റുകള്‍ക്കിടയിലുള്ള ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കണം.

ശശികലയും ഇളവരശിയും തടവുപുള്ളികള്‍ക്കുള്ള വസ്ത്രം ധരിക്കാതെ സിവിലിയന്‍ വസ്ത്രങ്ങള്‍ ധരിച്ചു പുറത്തുനിന്ന് ജയിലിനുള്ളിലേക്കു നടന്നുവരുന്നതിന്റെ ദൃശ്യങ്ങള്‍ ഡി. രൂപ അഴിമതി വിരുദ്ധ ബ്യൂറോയ്ക്കു കൈമാറിയിരുന്നു. ഇവര്‍ ജയിലിലൂടെ നടക്കുന്ന ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നാലു വിഡിയോകളാണ് രൂപ കൈമാറിയത്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തടവില്‍ കഴിയുകയാണ് വി.കെ. ശശികലയും ബന്ധു ഇളവരശിയും. നാലു വര്‍ഷത്തെ തടവുശിക്ഷയ്ക്കായി ഫെബ്രുവരിയിലാണ് ശശികലയും ഇളവരശിയും ബന്ധുവായ വി.എന്‍. സുധാകരനും പരപ്പന അഗ്രഹാര ജയിലില്‍ എത്തിയത്. അതിനിടെ, ജയില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശികല നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി.

 

Related posts