ന്യൂഡൽഹി: എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ രാജിവച്ചു. പുതിയ സി.ഇ.ഒയെ തെഞ്ഞെടുക്കുന്നതുവരെ കാംപ്ബെല്‍ സ്ഥാനത്തു തുടരും. കഴിഞ്ഞ ആഴ്ച നടന്ന ബോർഡ് യോഗത്തിൽ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുകയും പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിക്കുമെന്നും ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
2022-ൽ അഞ്ച് വർഷത്തെ കരാറിലാണ് അദ്ദേഹം നിയമിതനായത്. ഇതനുസരിച്ച് എയർ ഇന്ത്യ സിഇഒ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി 2027 ജൂലൈയിൽ അവസാനിക്കേണ്ടതായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടർന്ന് വിമാന സര്‍വീസുകള്‍ തടസപ്പെടുന്നതടക്കം കമ്പനി വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് കാംബെലിന്റെ രാജി.
രാജിയുടെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, കഴിഞ്ഞ വർഷം ജൂൺ 12 ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിനുശേഷം അദ്ദേഹം വർദ്ധിച്ചുവരുന്ന സമ്മർദ്ദം നേരിടുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
പ്രതികൂലമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കും ഇന്ത്യൻ വിപണിയിലെ അസ്ഥിരതയ്ക്കും ഇടയിൽ വലിയ വെല്ലുവിളികളിലൂടെയാണ് നിലവിൽ എയർ ഇന്ത്യ കടന്നുപോകുന്നത്. എയർ ഇന്ത്യയുടെ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ മാർച്ച് 19 മുതൽ മേധാവിയില്ലാത്ത അവസ്ഥയിലാണ്.
