ലിംഗേശ്വരന് എന്തുപറ്റി! ഭര്‍ത്താവിനെ കാണാനില്ലെന്ന് ശശികല പുഷ്പ; പരുക്കേറ്റ ലിംഗേശ്വരനെ കൊണ്ടുപോയത് പോലീസ്

Sasikala

ചെന്നൈ: അണ്ണാ ഡിഎംകെയുടെ ആസ്ഥാനത്ത് നടന്ന കൈയാങ്കളിയെത്തുടര്‍ന്ന് പരുക്കേറ്റ എംപി ശശികല പുഷ്പയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകനെ കാണാനില്ലെന്ന് പരാതി. ശശികല പുഷ്പയാണ് ഇതുസംബന്ധിച്ച് പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയിരിക്കുന്നത്. ലിംഗേശ്വരന് എന്തുപറ്റി എന്നതിനെക്കുറിച്ച് പോലീസ് ഒന്നും പറയുന്നില്ലെന്ന് അവരുടെ അഭിഭാഷകനും പറഞ്ഞു.  അണ്ണാ ഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ഇന്നു ചെന്നൈയില്‍ ചേരാനിരിക്കേയാണ് ഇന്നലെ പാര്‍ട്ടി ആസ്ഥാനത്തിനു പുറത്ത് കൈയാങ്കളി ഉണ്ടായത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ ലിംഗേശ്വരനെ പോലീസ് അവിടെ നിന്നുകൊണ്ടുപോയിരുന്നു. പിന്നീട് ലിംഗേശ്വരനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് ശശികല പുഷ്പ പറയുന്നത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ ജയലളിതയുടെ അതൃപ്തിക്കിരയായ പാര്‍ലമെന്റ് അംഗം ശശികല പുഷ്പയും അഭിഭാഷകനും പാര്‍ട്ടി ആസ്ഥാനത്തെത്തിയതാണു സംഘര്‍ഷത്തിനു കാരണം. ജനറല്‍ സെക്രട്ടറിയാകാന്‍ ജയലളിതയുടെ തോഴി ശശികലയ്ക്കു യോഗ്യതയില്ലെന്നാണു ശശികല പുഷ്പയുടെ വാദം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കാന്‍  ശ്രമിക്കുന്നതിനൊപ്പം ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാനും ശശികല  പുഷ്പ ഒരുങ്ങുകയാണ്. ഇതിനിടെയാണു ശശികലയെ അനുകൂലിച്ചും എതിര്‍ത്തും അണികള്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ പരുക്കേറ്റ അഭിഭാഷകനെ പോലീസ് എത്തിയാണു രക്ഷിച്ചത്.

ഇന്നു നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗം ക്രമസമാധാനപ്രശ്‌നമായി വളര്‍ത്താനാണു ശശികല പുഷ്പയുടെ ശ്രമമെന്നു പാര്‍ട്ടി വക്താവ് സി.ആര്‍. സരസ്വതി പറഞ്ഞു. ശശികല പുഷ്പയെ ജയലളിതയാണു പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്. ഇന്നത്തെ ജനറല്‍ കൗണ്‍സില്‍ യോഗത്തിനു പുറത്തുനിന്ന് ആരെയും ക്ഷണിച്ചിട്ടില്ല. അതിനാല്‍ ശശികല പുഷ്പയുടെ ശ്രമം വിജയിക്കില്ലെന്നും സി.ആര്‍. സരസ്വതി പറഞ്ഞു.

പാര്‍ട്ടി ഓഫീസില്‍ ശശികല പുഷ്പയുടെ അഭിഭാഷകന്‍ എത്തിയപ്പോള്‍ത്തന്നെ പ്രവര്‍ത്തകര്‍ പിന്തിരിപ്പിച്ചതാണ്. മടങ്ങിപ്പോയ ഇവര്‍ വീണ്ടും എത്തിയതാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും വക്താവ് അറിയിച്ചു.  അതേസമയം, മുതിര്‍ന്ന നേതാവും ചലച്ചിത്ര നടനുമായ ആനന്ദ്‌രാജ് പാര്‍ട്ടിയില്‍നിന്നുരാജിവച്ചത് ശശികലയ്ക്കു മറ്റൊരു തിരിച്ചടിയായി.  അണ്ണാ ഡിഎംകെയിലെ ഒരുനേതാവിനോടും വ്യക്തിവിരോധമില്ലെന്നും എന്നാല്‍, പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും ചിലര്‍ ജയലളിതയുടെ പേരു ദുരുപയോഗം ചെയ്യുന്നതിനാലാണു രാജിയെന്നും ആനന്ദ്‌രാജ് പറയുന്നു.

Related posts