തിരുവനന്തപുരം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വി.ഡി.സതീശന്. ജി. കാര്‍ത്തികേയന്റെ പത്നി സുലേഖ ടീച്ചറെയും മകന് കെ.എസ്.ശബരീനാഥന്, മരുമകള്‍ ദിവ്യ എസ് അയ്യര്‍ എന്നിവരുമായി് സംസാരിച്ചു. കുടുംബാംഗങ്ങളുമായി ദീര്‍ഘകാലമായുള്ള ബന്ധമാണ് വി.ഡി. പുലര്‍ത്തിയിരുന്നത്. അദ്ദേഹം പഴയകാര്യങ്ങള്‍ ഓര്‍ത്ത് വി.ഡി. സതീശന് വിതുമ്പി.
അനുഗ്രഹം തേടിയാണ് അദ്ദേഹം എത്തിയത്. വി.ഡി.സതീശന്റെ രാഷ്ട്രീയ ഗുരുവായിരുന്നു ജി. കാര്ത്തികേയന്. ചലച്ചിത്ര നടന് ജഗദീഷ്, ചലച്ചിത്ര നിര്‍മ്മാതാവ് രഞ്ജിത്ത് എന്നിവരും വി.ഡി. സതീശനെ കാണാന്‍ ജി. കാര്‍ത്തികേയന്റെ വീട്ടിലെത്തി. സതീശന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ നേതാവായിരുന്നു ജി. കാര്‍ത്തികേയനെന്ന് സുലേഖ ടീച്ചര്‍. തന്റെ മൂത്ത മകനെപോലെയാണ് താന്‍ സതീശനെ കാണുന്നതെന്നും ടീച്ചര്‍ വ്യക്തമാക്കി.
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ എംഎല്‍എ ഹോസ്റ്റലിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു.
ചീഫ് സെക്രട്ടറി എ.ജയതിലകും ഇന്റലിജന്‍സ് മേധാവി പി.വിജയനും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സത്യപ്രതിജ്ഞയുടെ ഒരുക്കങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്.
