സൂര്യയും സംവിധായകൻ ജിത്തു മാധവനും ആദ്യമായി ഒന്നിക്കുന്ന ‘സീൻ’ എന്ന ആക്ഷൻ കോമഡി എന്റർടൈനർ നവംബർ ആറിന് തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ നസ്രിയയാണ് നായികയായി വേഷമിടുന്നത്. നസ്ലെനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ജ്യോതികയും സൂര്യയും ചേർന്ന് ഴഗരം സ്റ്റുഡിയോസ്, 2ഡി എന്റർടൈൻമെന്റ് എന്നീ ബാനറുകളിലാണ് ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ‘കറുപ്പ്’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം സൂര്യ ഹാട്രിക് ഹിറ്റ് ലക്ഷ്യമിട്ടാണ് ഈ സിനിമയുമായി എത്തുന്നത്.
രോമാഞ്ചം, ആവേശം എന്നീ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സോണി മ്യൂസിക് സൗത്താണ് പാട്ടുകളുടെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വിനീത് അഗസ്റ്റ്യൻ ഛായാഗ്രഹണവും അജ്മൽ സാബു എഡിറ്റിംഗും നിർവഹിക്കുന്നു. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്ന് കേരളത്തിലും ഫാർസ് ഫിലിംസ് ഗൾഫ് രാജ്യങ്ങളിലും ചിത്രം പ്രദർശനത്തിനെത്തിക്കും.
