ആഘോഷങ്ങളും ആർപ്പുവിളികളും ആരവങ്ങളും കലകളുടെ വർണ്ണപ്പൂമഴിയും പെയ്തൊഴിയാൻ ഇനി മണിക്കൂറുകൾ മാത്രം.. ഓർമിക്കാനും ലാളിക്കാനും മനസിൽ ഒരായിരം നല്ല നിമിഷങ്ങൾ ചേർത്തുവച്ചുകൊണ്ട് കലോത്സവപ്പൂരം നാളെ പൂരനഗരിയിൽ ഉപചാരം ചൊല്ലി പിരിയും.ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യം ആയിരുന്നു ഒന്നാം വേദിയെ തൊട്ടുണർത്തിയ നാലാം നാളിലെ ആദ്യ ഇനം. ഉച്ചകഴിഞ്ഞാൽ ഹയർസെക്കൻഡറി പെൺകുട്ടികളുടെ സംഘനൃത്തം ഒന്നാം വേദിയെ സമ്പന്നമാക്കും.
പരിചമുട്ടു കളിയുടെ ആവേശം അലയടിച്ച പകലായിരുന്നു നാലാം നാളിലേത്. ഹയർസെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ പരിച മുട്ടുകളി കാണാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. രണ്ടാം വേദിയിൽ ഉച്ചമുതൽ വൃന്ദ വാദ്യം മുഴങ്ങും. ഹയർസെക്കൻഡറി ഇരുള നൃത്തം നിറഞ്ഞ സദസിനു മുന്നിലാണ് അവതരിപ്പിക്കപ്പെട്ടത്. ഉച്ചകഴിഞ്ഞാൽ ഹൈസ്കൂൾ വിഭാഗം ഇരുള നൃത്തവുമായെത്തും.
നാലാം നാളിൽ നാലാം വേദിയിൽ ചവിട്ടുനാടകം അക്ഷരാർത്ഥത്തിൽ അരങ്ങ് തകർത്തു. അഞ്ചാം തീയതിയിലെ പണിയ നൃത്തവും ആസ്വാദകരുടെ മനം കവർന്നു. അഭിനയമികവിന്റെ മാറ്റുരച്ചുകൊണ്ട് ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോണോ ആക്ട് ഭാവിയിലെ മികച്ച താരങ്ങൾക്കുള്ള സൂചനയായി മാറി. ഹയർസെക്കണ്ടറി ആൺകുട്ടികളുടെ മോണോ ആക്ടും കസറി.
കേരള നടനവും കഥകളി സംഗീതവും കൂടിയാട്ടവും വഞ്ചിപ്പാട്ടും നാടകവും കഥകളിയും പാഠകവും നാലാം നാളിന്റെപകൽ കലാ കാഴ്ചകളെ സമ്പന്നമാക്കി. കോൽക്കളിയും കുച്ചിപ്പുടിയും നാടോടി നൃത്തവും സായാഹ്ന വേദികളെ നിറം പിടിപ്പിക്കും.നാളെ ഒരുപാട് ഇനങ്ങളിൽ മത്സരങ്ങൾ ഇല്ല. ഒന്നാം വേദിയിൽ എച്ച് എസ് എസ് നാടോടി നൃത്തം.
വേദി രണ്ടിൽ ഹൈസ്കൂൾ ആൺകുട്ടികളുടെ കുച്ചിപ്പുടി. വേദി മൂന്നിൽ എച്ച്എസ്എസ് വഞ്ചിപ്പാട്ട്.വേദി അഞ്ചിൽ ഹൈസ്കൂൾ ഉറുദു സംഘഗാനം. വേദി എട്ടിൽ എച്ച്എസ്എസ് പെൺകുട്ടികളുടെ കഥകളി സംഗീതം. വേദി 14ൽ ഹൈസ്കൂൾ ആൺകുട്ടികളുടെ ശാസ്ത്രീയ സംഗീതം. പതിനഞ്ചാം വേദിയിൽ എച്ച്എസ്എസ് നാദസ്വരം. പതിനെട്ടാം വേദിയിൽ ഹൈസ്കൂൾ വയലിൻ പൗരസ്ത്യം എന്നിവയിലാണ് മത്സരങ്ങൾ ബാക്കിയുള്ളത്.
64-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം നാളെ വൈകീട്ട് നാലിന് തൃശൂർ തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിലാണ് നടക്കുക. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനത്തിന്റെ വിശിഷ്ടാതിഥിയായി കലാ പ്രതിഭകളെ അനുമോദിക്കാൻ എത്തുന്നത് മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലാണ്.
കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാമതെത്തുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് പൊതു വിദ്യാഭ്യാസ മന്ത്രിയും മോഹൻലാലും ചേർന്നാണ് വിജയികൾക്ക് സമ്മാനിക്കുക. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി.അബ്ദുറഹിമാൻ, എം.ബി. രാജേഷ് എന്നിവരും സാംസ്കാരിക നായകരും ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.
റിപ്പോർട്ട്
റെനീഷ് മാത്യു
സി.എസ്. ദീപു
ജിബിൻ കുര്യൻ
ഡി. ദിലീപ്
ടി.എ. കൃഷ്ണപ്രസാദ്
ഷൈനി ജോൺ
സി.ജി. ജിജാസൽ
അബിലിൻ കെ. എബ്രഹാം
രാഹുൽ ഗോപിനാഥ്
ക്ലിക്ക്
ജയ്ദീപ് ചന്ദ്രൻ
ജോൺ മാത്യു
അനിൽ കെ.പുത്തൂർ
ടി.സി. ഷിജുമോൻ
ടോജോ പി. ആന്റണി
അഖിൽ പുരുഷോത്തമൻ
കെ. കെ. അർജുനൻ
