ഇനി പാഠങ്ങള്‍ ഒന്നിച്ച്; സ്‌കൂള്‍ യൂണിഫോം ധരിച്ചെത്തി വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപിക, കാരണമിതോ…

പുസ്തകങ്ങളിലെ പാഠഭാഗങ്ങള്‍ പഠിപ്പിക്കുക എന്നത്‌പോലെ പ്രധാനമാണ് അച്ചടക്കശീലം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുക എന്നതും. പ്രൈമറി സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ സംബന്ധിച്ചടത്തോളം സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന അറിവും ശീലങ്ങളുമൊക്കെ അവരെ വളരെയധികം സ്വാധീനിക്കുന്നതാണ്.

എന്നാല്‍ തന്‍റെ ക്ലാസിലെ കുട്ടികളില്‍ അച്ചടക്കശീലം വളര്‍ത്തിയെടുക്കുവാനായി ഒരു അധ്യാപിക സ്വീകരിച്ച വ്യത്യസ്തമായ മാര്‍ഗമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഗവര്‍ണ്‍മെന്‍റ് ഗോകുല്‍റാം വര്‍മ്മ പ്രൈമറി സ്‌കൂളിലെ അധ്യാപികയായ ജാന്‍വി യാദു കുട്ടികളുടെ അതേ യൂണിഫോം ധരിച്ചാണ് സ്‌കൂളില്‍ പഠിപ്പിക്കാന്‍ എത്തുന്നത്.

ആഴ്ചയിലൊരിക്കല്‍ വിദ്യാര്‍ഥികളെപ്പോലെ യൂണിഫോം ധരിച്ചെത്തുന്നതിലൂടെ വിദ്യാര്‍ഥികളില്‍ അച്ചടക്കം വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നാണ് ജാന്‍വിയുടെ വിശ്വാസം.

ഇങ്ങനെ ചെയ്യുന്നതിലൂടെ എല്ലാവരും തുല്യരാണെന്ന തോന്നല്‍ കുട്ടികള്‍ക്ക് ഉണ്ടാകും. എന്തായാലും അധ്യാപിക യൂണിഫോം ധരിച്ച് സ്‌കൂളിലെത്താന്‍ തുടങ്ങിയതിന് പിന്നാലെ യൂണിഫോമിട്ട് സ്‌കൂളിലെത്താന്‍ കുട്ടികള്‍ക്കും ആവേശമായി.

കുട്ടികളുടെ ജീവിതത്തില്‍ മാതാപിതാക്കളെപ്പോലെ തന്നെ അധ്യാപകര്‍ക്കും വലിയ സ്വാധീനമുണ്ട്. സ്വഭാവരൂപീകരണത്തിനും വ്യക്തിത്വ വികസനത്തിനും അധ്യാപകര്‍ക്ക് കുട്ടികളെ സ്വാധീനിക്കാന്‍ കഴിയുന്നതാണ്.

സ്‌നേഹത്തോടെയും കരുതലോടെയും പകര്‍ന്ന് നല്‍കുന്ന പാഠങ്ങള്‍ അത്രവേഗം കുട്ടികള്‍ മറന്നുപോകാറില്ല. മാത്രമല്ല അത്തരം പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനും അവര്‍ ശ്രമിക്കും. അതുകൊണ്ടാണ് ഈ അധ്യാപിക ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചതും.

Related posts

Leave a Comment