ബസ് പണിമുടക്കോ?പ്രശ്‌നമില്ല! സെല്‍ഫ് സ്‌കൂട്ടറുണ്ടല്ലോ; കുഞ്ഞന്‍ വിദേശിവാഹനത്തേക്കുറിച്ചറിയാം

tjutrബസ്പണിമുടക്കു ദിനത്തില്‍ ശരിക്കും താരമായത് സെല്‍ഫ് ബാലന്‍സ് സ്‌കൂട്ടറുമായി നഗരത്തിലെത്തിയ സലിംകുമാറാണ്. റോളര്‍ സ്‌കേറ്റര്‍ പോലെയിരിക്കുന്ന സാധനം വിദേശിയാണ്. ഇരുകാലുകളും കൃത്യമായ ബാലന്‍സില്‍ ഉറപ്പിച്ച് സ്‌കൂട്ടറില്‍ നില്‍ക്കണം. നീലനിറത്തിലെ ഇന്‍ഡിക്കേറ്റര്‍ തെളിഞ്ഞിട്ടുണ്ടെങ്കില്‍ നില്‍പ്പ് കൃത്യമാണെന്നര്‍ത്ഥം. നില്‍പ്പ് കൃത്യമല്ലെങ്കില്‍ ഇന്‍ഡിക്കേറ്റര്‍ കത്തില്ല. ഇനി െ്രെഡവര്‍ മുന്നോട്ട് ആഞ്ഞുകൊടുത്താല്‍ മാത്രം മതി, സ്‌കൂട്ടര്‍ ഓടിത്തുടങ്ങും. പിന്നിലോട്ട് ആയംകൊടുത്താല്‍ വണ്ടി നില്‍ക്കും. കയറിനില്‍ക്കുന്നിടത്തു രണ്ട് പെഡലുകളുണ്ട്. ഇടതുവശത്തേക്കു തിരിയാന്‍ വലതുവശത്തെ പെഡലില്‍ അമര്‍ത്തണം.

വലതുവശത്തേയ്ക്ക് നീങ്ങണമെങ്കില്‍ ഇടതുവശത്തെ പെടല്‍ അമര്‍ത്തണം. ട്യൂബില്ലാത്ത റബര്‍ നിര്‍മ്മിത ചക്രമാണ് ഇരുവശത്തും. പരമാവധി വേഗം മണിക്കൂറില്‍ 25 കിലോമീറ്റര്‍. പക്ഷേ കേരളത്തിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ പത്തുകിലോമീറ്റര്‍ പോലും വേഗം കിട്ടില്ല. 2013ല്‍ അമേരിക്കന്‍ ബിസിനസുകാരനായ ഷേന്‍ ചെനാണ് ഈ വാഹനം കണ്ടുപിടിച്ചത്. കായികതാരമായ പാക്കില്‍ സ്വദേശി പുതുവല്‍ സലിംകുമാര്‍ യാദൃശ്ചികമായാണു ഈ ന്യൂജന്‍ വാഹനത്തിന്റെ ആരാധകനാകുന്നത്. 5000, 10,000 മീറ്റര്‍ ദീര്‍ഘദൂര ഓട്ടക്കാരനായിരുന്നു സലിം. കായികമികവില്‍ 1996ല്‍ റെയില്‍വേയില്‍ ജോലിയും ലഭിച്ചു.

ഇപ്പോള്‍ ഗുജറാത്തിലെ ഭവനഗറില്‍ എ.സി. മെക്കാനിക്കായി ജോലി ചെയ്യുന്നു. വിദേശ ചാനലില്‍ പരസ്യം കണ്ടാണ് ഓണ്‍ലൈനിലൂടെ സെല്‍ഫ് ബാലന്‍സ് സ്‌കൂട്ടര്‍ വാങ്ങുന്നത്. ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഓഫീസിലേക്ക് ആറു കിലോമീറ്ററാണ് ദൂരം. പോക്കും വരവുമെല്ലാം ഇതില്‍ തന്നെ. ബാറ്ററിയില്‍ വൈദ്യുതി ചാര്‍ജ് ചെയ്താണു സ്‌കൂട്ടറിന്റെ പ്രവര്‍ത്തനം. രണ്ടു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 25 കിലോമീറ്റര്‍ സഞ്ചരിക്കാം. 18,500 രൂപ മുതല്‍ സ്‌കൂട്ടര്‍ ലഭിക്കുമെന്നു സലീം പറയുന്നു. മുന്തിയതിന് 50,000 രൂപയാകും. വരും നാളുകളില്‍ സെല്‍ഫ് ബാലന്‍സ് സ്‌കൂട്ടറുകള്‍ തരംഗമാകുമെന്ന് വേണം കരുതാന്‍.

Related posts