സംസ്ഥാനത്തെ ലൈംഗിക തൊഴിലാളികള്‍ അതീവ ദുരിതത്തില്‍ ! പുനരധിവാസ പദ്ധതിയ്ക്ക് ഉടന്‍ തുടക്കമാവും…

സംസ്ഥാനത്ത് സ്ത്രീ ലൈംഗികത്തൊഴിലാളികള്‍ അതീവ ദുരിതാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 18000 സ്ത്രീ ലൈംഗികത്തൊഴിലാളികളുണ്ടെന്നും അതില്‍ നാലായിരം പേര്‍ അതീവ ദാരിദ്ര്യവും സാമൂഹിക പ്രശ്‌നങ്ങളും നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടേതാണ് കണ്ടെത്തല്‍. ഇവരുടെ പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടത്തിന് കണ്ണൂരില്‍ ഉടന്‍ തുടക്കമാകും.

സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍സൊസൈറ്റിയുടെ ഇരുപതോളം പ്രോജക്ടുകളിലൂടെയാണ് സംസ്ഥാനത്തെ ലൈംഗികതൊഴിലാളികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ക്രോഡീകരിച്ചത്.

18,000 സ്ത്രീലൈംഗികതൊഴിലാളികള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവര്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി എയ്ഡ്‌സ് കണ്‍ട്രോള്‍സൊസൈറ്റിയെ സമീപിക്കാറുണ്ട്.

ഇങ്ങനെയാണ് ഇവരുടെ സാമ്പത്തിക,സാമൂഹിക നില സംബന്ധിച്ചുള്ള വിവരങ്ങള്‍ശേഖരിച്ചത്. 4000 സ്ത്രീ ലൈംഗിക തൊഴിലാളികള്‍ കൊടിയ ദാരിദ്ര്യത്തിലാണ്.

പൊതുവെ കുടുംബവും സമൂഹവും അകറ്റി നിര്‍ത്തുന്ന ഇവരില്‍ പലരും പ്രായാധിക്യവും കൊണ്ടുള്ള അവശതകളും നേരിടുന്നവരാണ്.

പലര്‍ക്കും വാടക വീടുകള്‍പോലും ലഭിക്കാത്തതിനാല്‍ കടത്തിണ്ണയിലും റോഡുവക്കിലും ജീവിതം തള്ളി നീക്കേണ്ട അവസ്ഥയുമാണ്.

ഭക്ഷണത്തിനും മരുന്നിനും വസ്ത്രങ്ങള്‍ക്കും പോലും ബുദ്ധിമുട്ടനുഭവിക്കുന്നതായും പലരും എയ്ഡ്‌സ് കണ്‍ട്രോള്‍സൊസൈറ്റിയെ അറിയിച്ചിട്ടുണ്ട്.

ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് വനിതാശിശുക്ഷേമ വകുപ്പ് അനുമതി നല്‍കി. ലൈംഗിക തൊഴില്‍ അവസാനിപ്പിച്ചവര്‍ക്ക് ജീനവോപാധികണ്ടെത്തി നല്‍കുക, സാക്ഷരത നല്‍കുക എന്നിവയ്ക്കാണ് മുന്‍ഗണന.

ആവശ്യമുള്ളവര്‍ക്ക് സൗജന്യറേഷനും താമസസൗകര്യവും ഉറപ്പാക്കും. ഇതിന്റെ പൈലറ്റ് പദ്ധതി കണ്ണൂര്‍ജില്ലയിലാവും നടപ്പാക്കുക.

ഇതിനായി 12,82,000 രൂപ സര്‍ക്കാര്‍ അനുവദിക്കും. എത്രയും പെട്ടെന്ന് ആദ്യഘട്ടത്തിന് തുടക്കം കുറിക്കുമെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

Related posts

Leave a Comment