ചില ഭരണാധികാരികള്‍ ജനങ്ങളെ യാചകരാക്കും! മറ്റു ചിലര്‍ വാതിലുകള്‍ തുറന്ന് പ്രശ്‌നപരിഹാരങ്ങള്‍ നല്‍കും; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുനേരെ പരോക്ഷ വിമര്‍ശനവുമായി യുഎഇ പ്രധാനമന്ത്രി

കേരളത്തിന് പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനായി കേന്ദ്രം നല്‍കിയ 700 കോടി വേണ്ടെന്നു വച്ച കേന്ദ്ര നടപടി വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയ പേജുകളില്‍ മലയാളികളുടെ വക പൊങ്കാലപ്രളയവും ഇതേത്തുടര്‍ന്നുണ്ടായി. കേരളത്തിനായി യുഎഇ വാഗ്ദാനം ചെയ്ത തുക വേണ്ടെന്ന് പറഞ്ഞ കേന്ദ്രത്തിന്റെ നടപടിയെ കേരളത്തിനകത്തും പുറത്തുമുള്ളവര്‍ വിമര്‍ശനത്തിന് വിധേയമാക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് പരോക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് യുഎഇ പ്രധാനമന്ത്രി നേരിട്ട്.

ചില ഭരണാധികാരികള്‍ ജനങ്ങളെ യാചകരാക്കി തങ്ങളുടെ വാതില്‍ക്കലും മേശക്കരികിലും എത്തിക്കുന്നതില്‍ ആനന്ദം കണ്ടെത്തുമെന്നാണ് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞിരിക്കുന്നത്. ട്വിറ്ററലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രണ്ടുതരം ഭരണാധികാരികളെക്കുറിച്ചാണ് ട്വീറ്റില്‍ പറയുന്നത്.

ഒന്നാമത്തെ കൂട്ടര്‍ നന്മയുടെ ഭരണാധികാരികളാണെന്നും രണ്ടാമത്തെ കൂട്ടര്‍ എളുപ്പമുള്ളതും കഠിനമാക്കുന്നവരാണെന്നും ട്വീറ്റില്‍ പറയുന്നു. പ്രളയബാധിതമായ കേരളത്തിന് യുഎ.ഇ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റ്. ഭരണാധികാരികള്‍ രണ്ടു വിധത്തിലാണ്. നന്മയുടെ താക്കോലാണു ചില ഭരണാധികാരികള്‍. ജനങ്ങളെ സേവിക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നു.

ചുറ്റുമുള്ളവരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിലാണ് അവരുടെ സന്തോഷം. വീണ്ടും വീണ്ടും നല്‍കുന്നതിലാണ് അവര്‍ മൂല്യം കണ്ടെത്തുന്നത്’. ഷെയ്ഖ് മുഹമ്മദ് പറയുന്നു. മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതാണ് അവര്‍ ജീവിത നേട്ടമായി പരിഗണിക്കുന്നത്. അവര്‍ വാതിലുകള്‍ തുറക്കും, പ്രശ്നപരിഹാരം നല്‍കും, അവര്‍ എല്ലായ്പ്പോഴും ജനങ്ങളുടെ നന്മ അന്വേഷിച്ചു കൊണ്ടിരിക്കുമെന്നും അദ്ദേഹം പറയുന്നു.

രണ്ടാമത്തെ കൂട്ടര്‍ എളുപ്പമുള്ളതും കഠിനമാക്കും. എല്ലാത്തിനെയും വിലകുറച്ച് കാണും. ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നതാകും അവരുടെ നിര്‍ദ്ദേശങ്ങള്‍. ജനങ്ങളെ യാചകരാക്കി തങ്ങളുടെ വാതില്‍ക്കലും മേശക്കരികിലും എത്തിക്കുന്നതില്‍ അവര്‍ ആനന്ദം കണ്ടെത്തും. രണ്ടാമത്തെ വിഭാഗത്തെ മറികടക്കാന്‍ ഇച്ഛാശക്തിയുള്ള ഒന്നാമത്തെ കൂട്ടര്‍ ഭരിക്കുന്ന രാജ്യവും ഭരണവും മാത്രമേ വിജയിക്കൂ’. ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

Related posts