ഈ എയര്‍പോര്‍ട്ടിന്റെ രാജശില്‍പി ഉമ്മന്‍ചാണ്ടിയാണ്; ഉമ്മന്‍ചാണ്ടിയെയും കെ. ബാബുവിനെയും ഒഴിവാക്കി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് കടുത്ത അപരാധം; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒറ്റയാള്‍ പ്രതിഷേധവുമായി നാദാപുരം സ്വദേശി…

 കേരളത്തിന് മുതല്‍ക്കൂട്ടായി കണ്ണൂര്‍ വിമാനത്താവളം ഇന്ന് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഒറ്റയാള്‍ പ്രതിഷേധവുമായി നാദാപുരം സ്വദേശി രംഗത്തെത്തിയിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടനത്തിനു ക്ഷണിക്കാഞ്ഞതാണ് നാദാപുരം കല്ലാച്ചി സ്വദേശിയായ ഫൈസലിനെ പ്രതിഷേധത്തിലേക്കു നയിച്ചത്.

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു കണ്ണൂരില്‍ നിര്‍മ്മാണം പുരോഗമിച്ചത്. ആദ്യഘട്ട ഉദ്ഘാടനവും നടത്തി. വിമാനത്താവളത്തിന് ആദ്യം അനുകൂല നിലപാട് എടുത്ത മുന്‍കേന്ദ്രമന്ത്രി ഇബ്രാഹിമിനെ പോലും ഉദ്ഘാടനത്തിന് ക്ഷണിച്ചു. അപ്പോഴും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി. വിഎസ് അച്യൂതാനന്ദനേയും ക്ഷണിച്ചില്ല. ഇതൊക്കെയാണ് വിമാനത്താവള ഉദ്ഘാടനത്തിനിടെ ചര്‍ച്ചയാകുന്നത്. അതുകൊണ്ട് തന്നെ പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്‌കരിക്കുകയാണ്. അബുദാബിയിലേക്ക് യാത്ര ചെയ്യാനെത്തിയ ഫൈസല്‍ ബാനറുമായാണ് എത്തിയത്. ഉമ്മന്‍ ചാണ്ടിയെ വിളിക്കാത്തതില്‍ പ്രതിഷേധിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ ഈ യാത്രികനെ തടയാന്‍ ആരും എത്തിയില്ല. പൊലീസും ഇടപെട്ടില്ല. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫൈസല്‍ വിമാനയാത്രയ്ക്കായി പോവുകയും ചെയ്തു. ഇതിനിടെയിലും ഉമ്മന്‍ ചാണ്ടിയേയും ബാബുവിനേയും ക്ഷണിക്കാത്തത് ഫൈസല്‍ ചര്‍ച്ചയാക്കുകയായിരുന്നു.

അബുദാബിയിലേക്ക് വിമാനം കയറാനെത്തിയ ഫൈസല്‍ ബാനറുമായാണ് എത്തിയത്. ഉമ്മന്‍ ചാണ്ടിയേയും മുന്‍ തുറമുഖ മന്ത്രി ബാബുവിനേയും ഒഴിവാക്കിയത് ശരിയായില്ലെന്ന് ഫൈസല്‍ ആരോപിച്ചു. ഉമ്മന്‍ ചാണ്ടിയാണ് ഈ എയര്‍പോര്‍ട്ടിന്റെ രാജശില്പി, ഒപ്പം അന്നത്തെ മന്ത്രി കെ.ബാബുവുമാണ് ഈ എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തിക്ക് തുടക്കം കുറിച്ചത് അവരെ ഒഴിവാക്കി ഈ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്ന കുറ്റമാണ്, ഇത് അംഗീകരിക്കാനാവില്ല.അതില്‍ യുഡിഎഫ് പ്രവര്‍ത്തകനും, കെഎംസിസി പ്രവര്‍ത്തകനുമായ എന്റെ പ്രതിഷേധമാണ് ഇവിടെ അറിയിക്കുന്നത്.ഇതിന്റ പേരില്‍ ദുബായിലേക്കുള്ള എന്റെ യാത്ര തടസ്സപ്പെട്ടാല്‍ പോലും എനിക്ക് ദുഃഖമില്ലെന്ന് ഫൈസല്‍ പറയുന്നു.

വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ ഇടപെടല്‍ നടത്തിയ പ്രവാസികളില്‍ ഒരാളാണ് ഫൈസല്‍. കെഎംസിസിയെന്ന സംഘടനയിലൂടെ പലപ്പോഴും സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി. ഇത്തരത്തിലൊരു വ്യക്തിയാണ് പ്രതിഷേധിച്ചത്. ബാനര്‍ പ്രദര്‍ശിപ്പിച്ച് എല്ലാവരോടും ചര്‍ച്ച ചെയ്താണ് എമിഗ്രേഷന്‍ ക്ലിയറന്‍സിനായി ഫൈസല്‍ പോയത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാര്‍ക്ക് നാളെ തുറന്നു കൊടുക്കുമ്പോള്‍ അഞ്ചു വര്‍ഷക്കാലം പദ്ധതിയെ നയിച്ച തന്നെ ഒന്ന് ഫോണിലെങ്കിലും വിളിക്കാമായിരുന്നുവെന്ന് മുന്‍ മന്ത്രി കെ. ബാബുവും നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2011ല്‍ അധികാരമേറ്റ് 15 ദിവസത്തിനുള്ളില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഭാവിപദ്ധതികള്‍ മുന്‍ഗണന ക്രമത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. 2016ല്‍ കോഡ്-ബി എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് പരീക്ഷണ പറക്കലും നടത്തി. എയര്‍പോര്‍ട്ടുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ 2011 ജൂണില്‍ നിര്‍ദ്ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള നിര്‍മ്മാണത്തിനു വേണ്ടി ചൂണ്ടിക്കാണിച്ചിരുന്ന സ്ഥലമായ മൂര്‍ഖന്‍പറമ്പിലെത്തുമ്പോള്‍ വലിയ ഒരു കുന്നാണ് എനിക്ക് കാണുവാന്‍ കഴിഞ്ഞത്. വിമാനത്താവള നിര്‍മ്മാണത്തിന് അനുയോജ്യമല്ലെന്ന് എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ വിധിയെഴുതി വച്ചിരുന്ന സ്ഥലമായിരുന്നു അത്. എന്നാല്‍ അതിലൊന്നും പതറാതെ ഞങ്ങള്‍ മുന്നോട്ടു പോയി ബാബു പറയുന്നു.

അന്നത്തെ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി വയലാര്‍ രവിയെ കണ്ട് സംസാരിച്ച് ഒറിയന്റേഷനില്‍ മാറ്റം വരുത്തിയാണ് വിമാനത്താവള നിര്‍മ്മാണത്തിന് പ്രസ്തുത സ്ഥലത്തെ അനുയോജ്യമാക്കിയതും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതും. പ്രതിരോധ പരിസ്ഥിതി ആഭ്യന്തര – വ്യോമയാന മന്ത്രാലയങ്ങളുടെ വിവിധ അനുമതികള്‍ നേടിയെടുത്തു. കൂടാതെ പദ്ധതിയില്‍ സര്‍ക്കാരിന് 35% ഓഹരി വിഹിതം ഉറപ്പാക്കിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മറ്റൊരു നേട്ടമാണ്. ഈ അനുമതികള്‍ ലഭ്യമാക്കുന്നതില്‍ ശ്രീ. എ. കെ. ആന്റണി വഹിച്ച പങ്ക് നിസ്തുലമാണ്. മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ നിരന്തരമായ മാര്‍ഗനിര്‍ദ്ദേശങ്ങളും മേല്‍നോട്ടവുമാണ് ഈ സ്വപ്ന്പദ്ധതിയെ യാഥാര്‍ത്ഥ്യത്തിലെത്തിച്ചത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ് ഇങ്ങനെയാണ് ബാബു കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

പദ്ധതിയുടെ 90 ശതമാനം പ്രവര്‍ത്തനങ്ങളും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. ബി. പി. സി. എല്ലുമായുള്ള ഇക്വിറ്റി പാര്‍ട്ടിസിപ്പേഷന്‍, എയര്‍പോര്‍ട്ട് അഥോറിറ്റി, മെറ്റീരിയോളജിക്കല്‍ വകുപ്പ് എന്നിവയുമായുള്ള വിവിധ ധാരണാപത്രങ്ങള്‍, ബി. പി. സി. എല്‍. കിയാല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ജോയിന്റ് വെഞ്ച്വര്‍ കമ്പനിയുടെ രൂപീകരണം, റണ്‍വേയുടെ നിര്‍മ്മാണം, സ്റ്റാറ്റിയൂട്ടറിയായി വേണ്ട അനുമതികള്‍, മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 90 ശതമാനം ജോലികളും നടന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേവലം രണ്ട് വര്‍ഷം കൊണ്ടാണ് നടന്നതെന്നത് പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ ബാക്കി പത്ത് ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ എല്‍. ഡി. എഫ്. സര്‍ക്കാരിന് വേണ്ടി വന്നത് രണ്ടര വര്‍ഷമാണ്! സര്‍ക്കാര്‍ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തിയ അലംഭാവവും അവധാനതയും താല്പര്യമില്ലായ്മയും ഇതില്‍ വ്യക്തമാണെന്ന് ബാബു ആരോപിച്ചിരുന്നു.

Related posts