അന്ന് ഞാന്‍ വിഷാദ രോഗത്തിന്റെ അരികിലായിരുന്നു, ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ, ഭക്ഷണം കഴിക്കുന്നത് കുറഞ്ഞു വന്നു, ഞാന്‍ ഹാപ്പിയല്ലായിരുന്നു, സിതാര വെളിപ്പെടുത്തുന്നു

വിഷാദരോഗത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെപ്പറ്റി ഗായിക സിത്താര കൃഷ്ണകുമാര്‍. ഒരു ചാനല്‍ പരിപാടിയിലാണ് സിതാര മനസുതുറന്നത്. എന്റെ മാസ്റ്റേഴ്സ് ഡിഗ്രി കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു അത്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതിരുന്ന സമയം. ചിന്തിക്കാന്‍ ഏറെ സമയവുമുണ്ട്. കൂട്ടുകാരെല്ലാം അവരുടേതായ മേഖലയില്‍ കഴിവു തെളിയിക്കുന്നു. പണമുണ്ടാക്കുന്നു. എനിക്കാണെങ്കില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു.

സംഗീതമല്ലാതെ മറ്റൊരു ജോലിയെക്കുറിച്ച് എനിക്ക് ചിന്തിക്കാനാകുമായിരുന്നില്ല. സമപ്രായക്കാരായ കൂട്ടുകാരൊക്കെ ജോലിചെയ്യുന്നതും പണം സമ്പാദിക്കുന്നതുമൊക്കെ കാണുമ്പോള്‍ നമ്മളെ സമൂഹം കഴിവുകെട്ടവളായി കാണുമോ എന്ന ചിന്തയൊക്കെ എന്നിലുണ്ടായി.

എന്തോ മാറ്റമുണ്ടാകുന്നതായി എനിക്ക് അറിയാമായിരുന്നു. ഞാന്‍ ഹാപ്പിയല്ലായിരുന്നു. ഭക്ഷണമൊക്കെ വേണ്ടാതെയായി. ശരീരഭാരം കുറഞ്ഞുവന്നു. നഖം കടിക്കുന്ന ശീലമുണ്ടായി. എന്റെ സ്വഭാവത്തിലെ മാറ്റം കുടുംബം തിരിച്ചറിഞ്ഞിരുന്നു. എന്റെ ഭര്‍ത്താവ് ഡോക്ടറാണ്. എന്നാല്‍, അദ്ദേഹം നേരിട്ട് എന്നെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചില്ല.

ശാരീരിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടാനെന്ന പോലെ അദ്ദേഹത്തിന്റെ പ്രൊഫസറുടെ അടുത്ത് കൊണ്ടുപോയി. അദ്ദേഹമാണ് പറഞ്ഞുതന്നത് എനിക്ക് വരുന്ന മാറ്റം ഡിപ്രഷനിലേക്കുള്ള ആദ്യ പടിയാണെന്ന്. പ്രൊഫസര്‍ പറയുന്നത് കേട്ടപ്പോഴാണ് എനിക്കും അതിന്റെ ഗുരുതരാവസ്ഥ മനസിലാകുന്നത്. പിന്നീട് ഞാന്‍ അതിനെ മറികടന്നു- സിതാര പറയുന്നു.

Related posts