രാവിലെ ഒരു കട്ടനടിച്ചില്ലെങ്കില്‍ ഒരു ഉന്മേഷമില്ലെന്നേ… പാമ്പ് കട്ടന്‍ചായ കുടിക്കുന്ന വീഡിയോ വൈറലാവുന്നു

മലയാളികളുടെ ഇഷ്ടപാനീയമാണ് കട്ടന്‍ചായ. കൊച്ചു കുട്ടികള്‍ മുതല്‍ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന വല്യപ്പന്മാര്‍ വരെ നീളുന്നു മലയാളികളുടെ കട്ടന്‍ചായപ്രേമം. എന്നാല്‍ പാമ്പ് കട്ടന്‍ചായ കുടിക്കുമെന്നു കേട്ടാല്‍ വിശ്വസിക്കാമോ ? എന്തായാലും വിശ്വസിച്ചേ മതിയാവൂ കാരണം ചായ കുടിക്കുന്ന പാമ്പിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. മേശപ്പുറത്തു വെച്ചിരിക്കുന്ന ഗ്ലാസില്‍ നിന്നു ചായ കുടിക്കുന്ന പാമ്പിന്റെ വിഡിയോ ദൃശ്യമാണ് പാമ്പിന്റെ ഉടമ പുറത്തു വിട്ടത്. സൗദി അറേബ്യയിലെ അല്‍ ഖസബ് ഗ്രാമത്തിലുള്ള ഒരു വ്യക്തിയാണ് തന്റെ വളര്‍ത്തു പാമ്പിനെ ചായ കുടിക്കാന്‍ പരിശീലിപ്പിച്ചത്.

പണ്ട് പാലു മാത്രം കുടിച്ചു കൊണ്ടിരുന്ന പാമ്പ് ഇപ്പോള്‍ ചായ മാത്രമല്ല വിവിധയിനം ജ്യൂസുകളും ഗ്ലാസില്‍ നിന്നു പാമ്പ് കുടിക്കാറുണ്ടെന്ന് ഇതിന്റെ ഉടമയായ താബത്ത് അല്‍ ഫാദി വ്യക്തമാക്കി. മധ്യേഷ്യയില്‍ കാണപ്പെടുന്ന വിഷമില്ലാത്തയിനം പാമ്പിനെയാണ് ദൃശ്യത്തില്‍ കാണാനാകുക. ഈ പാമ്പുള്‍പ്പടെ 9 പാമ്പുകളെയാണ് താബത്ത് അല്‍ ഫാദി വളര്‍ത്തുന്നത്. മറ്റു പാമ്പുകളേയും ഇതു പോലെ ഗ്ലാസില്‍ നിന്നു പാനീയങ്ങള്‍ കുടിക്കാന്‍ പരിശീലിപ്പിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ സാമാന്യം വലിപ്പമുള്ള ഈ പാമ്പ് മേശപ്പുറത്തു നീണ്ടു നിവര്‍ന്ന് കിടന്ന് ഗ്ലാസില്‍ തലയിട്ട് ചായ കുടിക്കുന്നത് കാണേണ്ട ഒരു കാഴ്ചയാണ്.

Related posts