പൃഥിരാജിന്റെ ‘വിമാന’ത്തിനൊപ്പം ഉയര്‍ന്നു പൊങ്ങിയത് സജിയുടെ മനസ്; സ്വന്തം ജീവിതം സ്‌ക്രീനില്‍ കണ്ടപ്പോള്‍ സജിയുടെ മുഖത്ത് തെളിഞ്ഞത് സന്തോഷപൂരം

തൊടുപുഴ: കാത്തിരിപ്പിനുശേഷം പൃഥ്വിരാജിന്റെ വിമാനം പറന്നുയര്‍ന്നപ്പോള്‍ മൂകനും ബധിരനുമായ സജിയുടെ മനസ് നിറഞ്ഞു. സ്വന്തം ജീവിതകഥ വെള്ളിത്തിരയിലൂടെ കണ്ട സജിയുടെ മുഖത്തു വിവിധ ഭാവങ്ങള്‍ മിന്നിമറഞ്ഞു. തിയറ്ററില്‍ സ്വന്തം പേര് എഴുതിക്കാണിച്ചപ്പോള്‍ അഭിമാനത്തോടെ സജി ആംഗ്യം കാണിച്ചു.സ്വന്തമായി വിമാനം നിര്‍മിച്ചു വിസ്മയിപ്പിച്ച ബധിരനും മൂകനുമായ തൊടുപുഴ തട്ടക്കുഴ അഴകനാല്‍ തോമസിന്റെ മകന്‍ സജി തോമസിന്റെ ജീവിതകഥയാണ് ‘വിമാനം’ എന്ന ചലച്ചിത്രം. പൃഥ്വിരാജിന്റെ ഭാവപ്പകര്‍ച്ചയില്‍ സജി വിസ്മയിച്ചു, മൂകമായി കരഞ്ഞു. തൊടുപുഴ ആശീര്‍വാദ് സിനിപ്ലസില്‍ സജിയുടെ അടുത്തിരുന്ന ഭാര്യ മരിയയും മകന്‍ ജോഷ്വയും വികാരഭരിതരായി. മരിയയുടെ കണ്ണില്‍ നനവു പടര്‍ന്നു.

സിനിമ കഴിഞ്ഞപ്പോള്‍ ഒന്നുകൂടി കാണണമെന്നു സജി മരിയയോട് ആംഗ്യം കാണിച്ചു. മുഖത്ത് അഭിമാനത്തിന്റെ ഭാവം നിറഞ്ഞു. ഇനിയും കാണണം, അത്രമാത്രം ഇഷ്ടപ്പെട്ടു – മരിയയും പറഞ്ഞു.താനനുഭവിച്ച ദുരിതവും കഷ്ടപ്പാടും സമര്‍പ്പണവും പൃഥ്വിരാജിലൂടെ കണ്ടപ്പോള്‍ മനസു നിറഞ്ഞെന്നു സജി പറഞ്ഞതായി മരിയ ദീപികയോടു പറഞ്ഞു. സജിയുടെ നാവാണ് ഭാര്യ മരിയ. സിനിമ കണ്ടപ്പോള്‍ വിമാനത്തിന്റെ നിര്‍മാണത്തിനായി അനുഭവിച്ച ത്യാഗം, ചോര്‍ന്നൊലിക്കുന്ന വീട്, കുട്ടിയുടെ വിദ്യാഭ്യാസം, സ്വപ്നസാക്ഷാത്കാരത്തിനായി ആവശ്യമായ പണം ഇതെല്ലാം മനസിലേക്ക് ഓടി എത്തിയെന്നും മരിയ പറഞ്ഞു.

സജിക്ക് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. വെള്ളിയാമറ്റത്തെ കുന്നുകളില്‍ റബറിനു മരുന്നു തളിക്കാന്‍ വന്ന ഹെലികോപ്റ്റര്‍ കണ്ടതോടെയാണ് സജിയുടെ മനസും പറന്നുതുടങ്ങിയത്. പതുക്കെ അടുത്തുകൂടി അതിലെ ജീവനക്കാരുമായി ചങ്ങാത്തത്തിലായി. വിലാസം വാങ്ങി പോക്കറ്റിലിട്ടു. ഒടുവില്‍ അവര്‍ മറന്ന ഒരുദിവസം മുംബൈയിലെ വിലാസം തേടിപ്പിടിച്ചെത്തിയത് അവരെ അത്ഭുതപ്പെടുത്തി. ഏഴുവര്‍ഷം കൊണ്ടാണു സജി വിമാനം ഉണ്ടാക്കിയത്. സാന്പത്തിക പരാധീനതകള്‍ മൂലമാണു പണി നീണ്ടുപോയത്. സ്വന്തമായുണ്ടായിരുന്ന ജീപ്പ് വിറ്റും ഇലക്ട്രീഷന്‍ ജോലിചെയ്തും റബര്‍ കൃഷിയിലെ വരുമാനം ഉപയോഗിച്ചും വിമാനമുണ്ടാക്കാനുള്ള യന്ത്രഭാഗങ്ങള്‍ വാങ്ങി. രാജ്യത്തെ പ്രമുഖ വിമാനക്കന്പനികളില്‍ നേരിട്ടുചെന്നു സാങ്കേതികവിദ്യകള്‍ മനസിലാക്കി. ബംഗളുരുവില്‍നിന്നും വിമാനത്തിന്റെ പാര്‍ട്‌സുകള്‍ വാങ്ങി.

ഇന്റര്‍നെറ്റിന്റെയും പുസ്തകങ്ങളുടെയും സഹായത്തോടെ സംശയങ്ങള്‍ ദൂരീകരിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മാണം പകുതിയായപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് മാതൃക അയച്ചുകൊടുത്തു. രാജീവ് ഗാന്ധി സജിക്കു ജോലി വാഗ്ദാനം ചെയ്തു. എന്നാല്‍, രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ ആ പ്രതീക്ഷ അസ്തമിച്ചു.കുറെ നാളുകള്‍ക്കുശേഷം ബൈക്കിന്റെ എന്‍ജിന്‍ ഉപയോഗിച്ച് ഉണ്ടാക്കിയ വിമാനം 2005ല്‍ തൊടുപുഴ കാര്‍ഷികമേളയില്‍ പ്രദര്‍ശിപ്പിച്ചു. കാര്‍ഷികമേളയിലെത്തിയ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം സജിയെ അഭിനന്ദിച്ചു.

പറക്കാന്‍ ശേഷിയില്ലാതിരുന്ന ആദ്യവിമാനം മറ്റക്കരയിലെ വിശ്വേശ്വരയ്യ എന്‍ജിനിയറിംഗ് കോളജ് വിലയ്ക്കു വാങ്ങി. കുറേക്കാലം ഈ കോളജിലെ വിദ്യാര്‍ഥികളെ വിമാനത്തിന്റെ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന ജോലിയായിരുന്നു സജിക്ക്. പിന്നീട് എയര്‍ഫോഴ്‌സിലെ വിംഗ് കമാന്‍ഡറായിരുന്ന എസ്.കെ.ജെ. നായരുടെ ഉപദേശം സ്വീകരിച്ചു വിമാനനിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. സജിയുടെ ജീവിതകഥ സണ്‍ഡേ ദീപികയിലെ ‘ആകാശം തൊട്ട സ്വപ്നം’ എന്ന ഫീച്ചറിലൂടെയാണ് പുറംലോകം അറിഞ്ഞത്. നവാഗതനായ പ്രദീപ് എം. നായര്‍ സംവിധാനം ചെയ്ത ‘വിമാനം’ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മിച്ചത്.

ജോണ്‍സണ്‍ വേങ്ങത്തടം

 

Related posts