ഞാന്‍ മുതലയാടോ… അഞ്ചു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കൂറ്റന്‍ മുതലയെ പൂര്‍ണമായും വിഴുങ്ങുന്ന മലമ്പാമ്പ്; അപൂര്‍വ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വീണ്ടും വൈറലാവുന്നു…

സിഡ്നി: ഇരകളും ഇരപിടിയന്മാരും നിറഞ്ഞ ലോകമാണ് പ്രകൃതി. എന്നാല്‍ ചിലര്‍ ഇരപിടിത്തത്തില്‍ ഏവരെയും ഞെട്ടിക്കാറുണ്ട്. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡില്‍ പടുകൂറ്റന്‍ മലമ്പാമ്പ് ഭീമന്‍ മുതലയെ വിഴുങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്. ഏകദേശം മൂന്നാല് വര്‍ഷം മുമ്പാണ് ഈ വീഡിയോ ആദ്യമായി പുറത്തു വരുന്നത്.

വലിയ മുതലയെ പോലും വെറുതെ വിടാത്ത ഈ മലമ്പാമ്പിന്റെ വായില്‍ മനുഷ്യന്‍ അകപ്പെട്ടാലത്തെ സ്ഥിതി എന്തായിരിക്കുമെന്ന ചര്‍ച്ച ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ കൊഴുക്കുകയാണ്. ഓസ്‌ട്രേലിയയില്‍ വലുപ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഒലീവ് മലമ്പാമ്പാണ് ഇവിടെ വില്ലനായി വര്‍ത്തിച്ചിരിക്കുന്നത്.

മുതലയുടെ വാല്‍ മാത്രം വെളിയില്‍ കാണപ്പെടുന്ന വിധത്തിലാണ് പെരുമ്പാമ്പ് മുതലയെ അകത്താക്കിയിരിക്കുന്നതെന്ന് ഈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ഇസ കൊടുമുടിക്കടുത്തുള്ള ചതുപ്പ് നിലത്തില്‍ വച്ചാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കടുത്ത അപകടസാധ്യതയുണ്ടെങ്കിലും മലമ്പാമ്പുകള്‍ ഇത്തരത്തില്‍ മുതലകളെ ഇരകളാക്കാന്‍ ധൈര്യം കാണിക്കാറുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നത്.

മലമ്പാമ്പുകള്‍ തങ്ങളുടെ വായിലൊതുങ്ങുന്ന എന്തിനെയും ഇത്തരത്തില്‍ വിഴുങ്ങുന്നത് സര്‍വ സാധാരണമാണെന്നാണ് രണ്ട് ഒലിവ് മലമ്പാമ്പുകളെ വളര്‍ത്തുന്ന ജിജി വൈല്‍ഡ് ലൈഫ് ഐന്‍സി ഉടമയായ മൈക്കല്‍ ജോണ്‍സ് വെളിപ്പെടുത്തുന്നത്.

തങ്ങളുടെ ഇരകളെ വിഴുങ്ങാന്‍ പര്യാപ്തമായ വിധത്തില്‍ മലമ്പാമ്പുകള്‍ക്ക് തങ്ങളുടെ താടിയെല്ലുകള്‍ വികസിപ്പിക്കാനാവുമെന്നും അവര്‍ പറയുന്നു. ഉപ്പുജലത്തില്‍ വസിക്കുന്ന മുതലകളില്‍ നിന്നും വ്യത്യസ്തമായി സ്വയം പ്രതിരോധത്തിനല്ലാതെ ശുദ്ധ ജല മുതലകള്‍ മനുഷ്യരെ ആക്രമിക്കാറില്ല. ഒലിവ് മലമ്പാമ്പുകള്‍ക്ക് വിഷമില്ലെങ്കിലും അവ മനുഷ്യരടക്കം ഏത് ജിവിയെയും വിഴുങ്ങാറുണ്ട്.

Related posts