നാലു കിലോമീറ്റര്‍…! വഴിമൂടിയ മഞ്ഞുനീക്കി പോലീസെത്തി: വീടിനുള്ളില്‍ കുടുങ്ങിയ ഗര്‍ഭിണികളായ യുവതികള്‍ക്ക് രക്ഷയായി

snowfall_kashmir_270117

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ അതിശൈത്യത്തില്‍ വീടിനുള്ളില്‍ കുടുങ്ങിപ്പോയ ഗര്‍ഭിണികളായ രണ്ടു സ്ത്രീകളെ രക്ഷപെടുത്തുന്നതിന് പോലീസെത്തിയത് നാലു കിലോമീറ്റര്‍ റോഡിലെ മഞ്ഞുനീക്കി. അനന്ത്‌നാഗ് ജില്ലയിലെ പെഹല്‍ഗാമില്‍ ആരൂ ഗ്രാമത്തിലായിരുന്നു സംഭവം. ആരൂ സ്വദേശിയായ ദില്‍ഷാദയെന്ന യുവതിയെയാണ് പോലീസ് രക്ഷപെടുത്തിയത്. പോലീസിനു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. പെഹല്‍ഗാമില്‍നിന്നും ആരൂവിലേക്ക് നാലു കിലോമീറ്റര്‍ ദൂരം മഞ്ഞുമൂടിയ റോഡ് തെളിച്ച ശേഷമാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. എട്ടു കിലോമീറ്ററോളം പോലീസ് കാല്‍നടയായാണ് ഇവിടേക്ക് എത്തിയത്.

അനന്ത്‌നാഗിലെ കോകെര്‍നാഗ് സ്വദേശിനിയും ഗര്‍ഭിണിയുമായ യുവതിയേയും പോലീസ് രക്ഷപെടുത്തി. ആശുപത്രിയിലേക്കുള്ള വഴിയില്‍ അകപ്പെട്ട പാന്‍സ്ഗാം ഗ്രാമവാസിയായ മസൂദ ജാനിനെയാണ് പോലീസ് രക്ഷപെടുത്തിയത്. രണ്ടു പേരെയും അനന്ത്‌നാഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ ഹിമപാതമാണ് കാഷ്മീരില്‍ അനുഭവപ്പെടുന്നത്. എട്ടു വീടുകളും മൂന്നു സ്കൂള്‍ കെട്ടിടങ്ങളും മഞ്ഞുവീഴ്ചയില്‍ തകര്‍ന്നു. കുല്‍ഗാമിലെ വാറ്റൂവിലാണ് വീടുകള്‍ തകര്‍ന്നത്. സൗത്ത് കാഷ്മീരിലെ ഹാക്രാദനില്‍ സര്‍ക്കാര്‍ മിഡില്‍ സ്കൂള്‍ തകര്‍ന്നു. ബുദാഗാം ജില്ലയിലെ ദാല്‍വാഷില്‍ െ്രെപമറി സ്കൂളും സപ്ലാനില്‍ സര്‍ക്കാര്‍ മിഡില്‍ സ്കൂളും തകര്‍ന്നു. ബാരാമുള്ളയിലും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി കാഷ്മീര്‍ അതിശൈത്യത്തിന്‍റെ പിടിയിലാണ്.

Related posts