മതസ്ഥാപന മേധാവിയുടെ വീട്ടില്‍ റെയ്ഡ്; പിടിച്ചെടുത്തത് 1.26 കോടി രൂപയും 2.4 കിലോഗ്രാം സ്വര്‍ണവും മദ്യ കുപ്പികളും

Sadhv_jai_sree_giri_2701

ബദ്ഗാം: ഗുജറാത്തില്‍ മതസ്ഥാപന മേധാവിയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 1.26 കോടി രൂപയും 2.4 കിലോഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ബനാസ്കാന്ത ജില്ലയിലെ ബദ്ഗാമില്‍ പ്രവര്‍ത്തിക്കുന്ന മുക്തേശ്വര്‍ മത് എന്ന സ്ഥാപനത്തിന്‍റെ അധികാരി സാധ്വി ജയ് ശ്രീ ഗിരിയുടെ വീട്ടില്‍നിന്നാണ് പോലീസ് ഇവ കണ്ടെടുത്തത്. സാധ്വിയെ പോലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത പണം പൂര്‍ണമായി 2000 രൂപ നോട്ടുകളിലുള്ളവയാണ്. 6,300 നോട്ടുകളും 24 സ്വര്‍ണക്കട്ടികളും പിടിച്ചെടുത്തതായി പോലീസ് സ്ഥിരീകരിച്ചു. റെയ്ഡില്‍ മദ്യ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മദ്യം നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്.

പ്രദേശത്തെ ഒരു സ്വര്‍ണക്കട ഉടമ പ്രതീഷ് ഷായാണ് സാധ്വിക്കെതിരേ പരാതി നല്‍കിയത്. കുറഞ്ഞ വിലയ്ക്കു സ്വര്‍ണം നല്‍കാമെന്നു പറഞ്ഞ് സാധിയടക്കം മൂന്നുപേര്‍ തന്‍റെ കൈയില്‍നിന്ന് അഞ്ചുകോടി രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. ആദായനികുതി വകുപ്പിനും പ്രതീഷ് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് റെയ്ഡ് നടത്തി അനധികൃത വസ്തുക്കള്‍ പിടിച്ചെടുത്തത്.

നേരത്തെ, നോട്ട് നിരോധനത്തിനുശേഷം സംഘടിപ്പിച്ച പൊതുപരിപാടിക്കിടെ സാധ്വി 2000 രൂപ നോട്ടുകള്‍ ഗായകര്‍ക്ക് നേരെ എറിയുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു.

Related posts