ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മാംദാനി നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗാർബ നൃത്തച്ചുവടുകളുമായി വേദിയിൽ തിളങ്ങി. ഹൈന്ദവ പ്രവാസികൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്ന മാംദാനി, കഴുത്തിൽ ദുപ്പട്ടയണിഞ്ഞ് പരമ്പരാഗത രീതിയിൽ ഗാർബ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ പങ്കുവെച്ച വീഡിയോകളിൽ, മേയർ സോഹ്റാൻ മാംദാനി ആഘോഷങ്ങളുടെ ഭാഗമായി മറ്റുള്ളവർക്കൊപ്പം താളത്തിനൊത്ത് ഗാർബ കളിക്കുന്നത് വ്യക്തമാണ്. മറ്റൊരു വീഡിയോയിൽ അദ്ദേഹം ഒരു അമ്പലത്തിലെ പൂജാരിയുടെ അടുത്തുനിന്ന് അനുഗ്രഹം വാങ്ങുന്നതും കാണാം.
നവരാത്രി, ദുർഗാ പൂജ തുടങ്ങിയ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് അദ്ദേഹം ആശംസകൾ നേർന്നു. വിവിധ ഹൈന്ദവ സമൂഹങ്ങളുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും എക്സ് പോസ്റ്റിലൂടെ അദ്ദേഹം എടുത്തുപറഞ്ഞു.
ഗാർബ നൃത്തം, സിന്ദൂർ ഖേല, മുതിർന്നവരിൽ നിന്ന് തിലകം സ്വീകരിക്കൽ, ഗോലു ഒരുക്കൽ തുടങ്ങി വിവിധ സംസ്കാരങ്ങളുടെയും പേരുകളുടെയും (ദുർഗ്ഗാ പൂജ, ദശൈൻ, ദസ്സറ, നവരാത്രി) പ്രാധാന്യം അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ നവീകരണത്തിന്റെ ആത്മപരിശോധനയുടെയും കാലഘട്ടമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
അമേരിക്കയിൽ നവരാത്രിയും ദുർഗ്ഗാ പൂജയും വിപുലമായ രീതിയിൽ ആഘോഷിക്കപ്പെടുന്നതിനിടയിലാണ് ന്യൂയോർക്ക് മേയറുടെ ഈ ജനകീയ ഇടപെടൽ ശ്രദ്ധേയമായിരിക്കുന്നത്.
