ഓരോ മാതാപിതാക്കളും ആലോചിച്ചു കൂട്ടുന്ന ഒരു ലിസ്റ്റ് ഉണ്ടല്ലോ ? അത് ആദ്യം എടുത്ത് അങ്ങ് കത്തിച്ചു കളയുക ! പ്രണയത്തിനും പെണ്‍കുട്ടികള്‍ക്കുമിടയിലെ മതിലുകള്‍ പൊളിഞ്ഞു വീണിട്ടില്ല; കെവിന്‍ കൊലപാതകക്കേസില്‍ സയനോര പറയുന്നതിങ്ങനെ…

മകളെ പ്രേമിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ വരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗായികയും സംഗീതസംവിധായകയുമായ സയനോര. ആണ്‍സുഹൃത്തുക്കളോട് സംസാരിച്ചതിന്റെ പേരില്‍ അച്ഛന്റെയും ആങ്ങളയുടെയും മര്‍ദനം ഏറ്റുവാങ്ങേണ്ടി വന്നിരുന്ന ഒരു കൂട്ടുകാരി തനിക്കുണ്ടായിരുന്നെന്നും പ്രണയത്തിനും പെണ്‍കുട്ടികള്‍ക്കുമിടയിലെ മതിലുകള്‍ പൊളിഞ്ഞുവീണിട്ടില്ലെന്നും സയനോര പറയുന്നു.

സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

ഏതാനും നാളുകള്‍ക്ക് മുന്നേ ഒരു വാട്ട്‌സാപ്പ് ഫോര്‍വേഡ് കിട്ടി. ആദ്യം ഒരു തമാശ ആണെന്നാണ് തോന്നിയത്. മുഴുവന്‍ വായിച്ചു നോക്കിയപ്പോള്‍ ആണ് മനസ്സിലായത് അതിലെ നിഗൂഢത. നമ്മുടെ കുട്ടികള്‍ പ്രണയ ബന്ധത്തില്‍ അകപ്പെടാതിരിക്കാന്‍ മാതാപിതാക്കള്‍ക്ക് കുറേ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒരു മെസ്സേജ് ആണത്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നോ മറ്റോ പറഞ്ഞ് അവസാനിപ്പിക്കുന്ന ഒന്ന്. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ ?

കുഞ്ഞുങ്ങള്‍ ജനിക്കുന്നത് മുതല്‍ അവര്‍ എന്ത് കഴിക്കണം, എന്ത് ഉടുക്കണം, എന്ത് പഠിക്കണം, ആരോട് കൂട്ട് കൂടണം, എന്ത് ആവണം? ആരെ കല്യാണം കഴിക്കണം, ഏതു മതവിഭാഗത്തില്‍ നിന്ന്, എത്ര ശമ്പളം ഉള്ളവനെ.. എന്നിങ്ങനെ ഓരോ മാതാപിതാക്കളും ആലോചിച്ചു കൂട്ടുന്ന ഒരു ലിസ്റ്റ് ഉണ്ടല്ലോ ? അത് ആദ്യം എടുത്ത് അങ്ങ് കത്തിച്ചു കളയുക. എന്നിട്ട് സമൂഹത്തിനു ഗുണം ചെയ്യുന്ന, മതത്തിനും, രാഷ്ട്രീയത്തിനും, വര്‍ണ വിവേചനങ്ങള്‍ക്കുമപ്പുറം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയുന്ന ഒരു മനുഷ്യനായി വളര്‍ത്താന്‍ അവനെയോ അവളെയോ പര്യാപ്തകമാക്കുക…. ഇല്ലെങ്കില്‍ നമ്മുടെ ഈ സാക്ഷര കേരളത്തിന്റെ കപടവ്യവസ്ഥിതിയുടെ ഇരകള്‍ ആവാന്‍ കെവിന്‍ ഇനിയും മരിച്ചു കൊണ്ടേ ഇരിക്കും.

കോളജില്‍ പഠിക്കുന്ന കാലത്ത് എന്റെ കൂട്ടുകാരി ആണ്‍സുഹൃത്തുക്കളോടു സംസാരിക്കാറില്ലായിരുന്നു. ആരെങ്കിലും ഇങ്ങോട്ടുവന്നു സംസാരിച്ചാല്‍ ഭയന്നുവിറച്ചാണു മറുപടി പറഞ്ഞിരുന്നത്. കാരണം, വീട്ടിലെത്തിയാല്‍ അതിന്റെ പേരില്‍ അച്ഛനും ആങ്ങളമാരും മര്‍ദിക്കുമത്രേ. സ്വാതന്ത്ര്യമനുഭവിച്ചു വളര്‍ന്ന എന്നെ സംബന്ധിച്ചിടത്തോളം ഞെട്ടലുണ്ടാക്കിയ അറിവായിരുന്നു അത്. നീനുവിനു സംഭവിച്ചതു കാണുമ്പോള്‍, വര്‍ഷങ്ങള്‍ക്കു ശേഷവും പ്രണയത്തിനും പെണ്‍കുട്ടികള്‍ക്കുമിടയിലെ മതിലുകള്‍ പൊളിഞ്ഞുവീണിട്ടില്ല എന്നതു നടുക്കമുണ്ടാക്കുന്നു. സയനോര പറയുന്നു.

Related posts