ലബനനില്‍ ‘സോണിക് ബൂം’ സൃഷ്ടിച്ച് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍;ഒട്ടനവധി കെട്ടിടങ്ങള്‍ തകര്‍ന്നു; യുദ്ധഭീതിയില്‍ ലബനീസ് ജനത

യുദ്ധത്തിന്റെ സാധ്യതകള്‍ക്ക് തുടക്കമിട്ട് ലബനനില്‍ ഇസ്രയേലിന്റെ വിമാനാഭ്യാസം. തെക്കന്‍ ലബനനിലെ സൈദയ്ക്കു മുകളില്‍ക്കൂടി താഴ്ന്നു പറന്ന ഇസ്രയേല്‍ പോര്‍ വിമാനങ്ങള്‍ സൃഷ്ടിച്ച ശബ്ദാഘാതത്തില്‍ (സോണിക് ബൂം) നഗരം നടുങ്ങി. കെട്ടിടങ്ങള്‍ കുലുങ്ങുകയും ജനാലച്ചില്ലുകള്‍ തകരുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി.മണിക്കൂറില്‍ 1236 കിലോമീറ്ററായ ശബ്ദവേഗത്തിലും കൂടിയ വേഗമാണ് സൂപ്പര്‍ സോണിക്. ഈ വേഗത്തില്‍ പറക്കുന്ന വിമാനം തിരയിളക്കം പോലെ ശബ്ദതരംഗങ്ങള്‍ സൃഷ്ടിക്കും. ഇവയുടെ ആഘാതത്തില്‍ ഭൂമി കുലുങ്ങുന്നതായി തോന്നാം. ഒപ്പം കാതടപ്പിക്കുന്ന ശബ്ദവും ഈ പ്രതിഭാസത്തെയാണ് സൂപ്പര്‍ ബൂം എന്നു വിളിക്കുന്നത്.

ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പലപ്പോഴും ലബനന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കാറുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും താഴ്ന്നു പറന്നത്. ലബനനിലെ സായുധ സംഘടന ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ 2006ല്‍ നടന്ന യുദ്ധത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നതായിരുന്നു ഇന്നലത്തെ സംഭവം. ഇനി യുദ്ധമുണ്ടായാല്‍ അത് ഇസ്രയേല്‍ പ്രദേശങ്ങളില്‍ വച്ചായിരിക്കുമെന്നു ഹിസ്ബുള്ളയും എല്ലാ ശക്തിയുമുപയോഗിച്ചു പോരാടുമെന്ന് ഇസ്രയേലും നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. 2006 ലെ യുദ്ധത്തില്‍ കൊല്ലപ്പെട്ട 1200 ലബനന്‍കാരില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു.

 

Related posts