ശ്രീശാന്തിന് ഇനി ധൈര്യമായി ക്രിക്കറ്റ് കളിക്കാം, വിലക്കിനെതിരേ കോടതിയെ സമീപിച്ച താരത്തിന് കോടതിയില്‍ അനുകൂലവിധി, ഇന്ത്യന്‍ ടീമില്‍ വീണ്ടും ശ്രീയുടെ യോര്‍ക്കറുകള്‍ പറക്കുമോ?

കോഴ കേസില്‍ ഡല്‍ഹി പ്രത്യേക കോടതി വെറുതെവിട്ടിട്ടും ബിസിസിഐ ആജീവനാന്ത വിലക്ക് തുടരുന്നത് നിയമപരമല്ലെന്ന ശ്രീശാന്തിന്റെ വാദം കോടതി അംഗീകരിച്ചു. വിലക്കിനെത്തുടര്‍ന്ന് സ്‌കോട്ടിഷ് ലീഗിലടക്കം കളിക്കാനുളള അവസരം നഷ്ടപ്പെട്ടെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെട്ട് വിലക്ക് നീക്കണമെന്നുമാണ് ശ്രീശാന്ത് ആവശ്യപ്പെട്ടത്. ബിസിസിഐയുടെ ഇടക്കാല ഭരണസമിതി, മുന്‍ ഭരണസമിതി, കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്.

2013 ഒക്ടോബര്‍ പത്തിനാണ് ശ്രീശാന്ത് കുറ്റക്കാരനെന്ന് കണ്ടെത്തി ബിസിസിഐ അദ്ദേഹത്തിന് ക്രിക്കറ്റില്‍നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ഐപിഎല്‍ മല്‍സരങ്ങളില്‍ ഒത്തുകളി നടത്തിയെന്നാരോപിച്ച് ശ്രീശാന്തിനെ 2013 മെയ് 16 നാണ് മുംബൈയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബിസിസിഐ ശ്രീശാന്തിനെ കളിക്കുന്നതില്‍നിന്നും സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീട് അച്ചടക്ക സമിതി നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.

Related posts