അനഘ നീയാണ് മിടുമിടുക്കി, കലോത്സവങ്ങളിലെ ഉള്ളുകളി മുഖ്യമന്ത്രിയെ അറിയിച്ചത് അനഘ, മാതാപിതാക്കളെ നഷ്ടപ്പെട്ട കൊച്ചു കലാകാരിയെ അറിയാം

2017jan15anakhaസ്കൂള്‍ കലോത്സവങ്ങളിലെ കൈയാങ്കളി ഇല്ലാതാക്കാന്‍ വിജിലന്‍സ് ഇടപെടലിനു പിന്നില്‍ ഒരു പെണ്‍കുട്ടിയുടെ പരിശ്രമം. തിരുവനന്തപുരം നാലാഞ്ചിറ സെന്‍റ് ജോണ്‍സ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഐ.എസ്. അനര്‍ഘ എന്ന കുട്ടിയാണ് കലോത്സവങ്ങളിലെ കള്ളക്കളികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. സ്കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പും വിധിനിര്‍ണയവുമെല്ലാം നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് ഡയറക്ടറോടു നിര്‍ദ്ദേശിക്കുകയും ചെയ്തു. സ്കൂള്‍ കലോത്സവവേദികളില്‍ തഴയപ്പെട്ടപ്പോഴാണ് നര്‍ത്തകി കൂടിയായ അനഘ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. കത്ത് ലഭിച്ച മുഖ്യമന്ത്രി കുട്ടിയെ നേരില്‍ കാണാന്‍ ക്ഷണിക്കുകയും ചെയ്തു. സബ്ജില്ലാ കലോത്സവത്തില്‍ കേരളനടനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച കുട്ടിക്ക് ജില്ലാ കലോത്സവത്തില്‍ അംഗീകാരം നിരസിച്ചുവെന്നും സ്ഥാനവും ഗ്രേഡും നല്‍കുന്നതു കലോത്സവ മാഫിയയുടെ താല്പര്യമനുസരിച്ചു മാത്രമാണെന്നുമാണ് അനര്‍ഘ മുഖ്യമന്ത്രിയോടു വിശദീകരിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ ജില്ലാകലോത്സവത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം അനര്‍ഘക്കു ലഭിച്ചിരുന്നു. അപ്പീല്‍ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. എന്നാല്‍, ലോകായുക്തയുടെ ഉത്തരവിലൂടെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാനായ കുട്ടിക്ക് എ ഗ്രേഡോടെ രണ്ടാം സ്ഥാനം ലഭിച്ചു. ഇതില്‍ നീസരമുണ്ടായ ചില തത്പര വ്യക്തികള്‍ വരുംവര്‍ഷം സബ്ജില്ലയിലേ നുള്ളിക്കളയുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും ഈ വര്‍ഷം അത് പ്രാവര്‍ത്തികമായെന്നും പരാതിക്കാരി മുഖ്യമന്ത്രിയോടു പറഞ്ഞു. വിധിനിര്‍ണയത്തിലും അപ്പീലുകളിലും കലോത്സവ മാഫിയ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നതിന്‍റെ തെളിവുകളും കുട്ടി ഹാജരാക്കി. ഈ വര്‍ഷം ജില്ലാകലോത്സവത്തില്‍ കേരളനടനത്തിലും കുച്ചുപ്പുടിയിലും താന്‍ പിന്തള്ളപ്പെട്ടത് അട്ടിമറിയിലൂടെയാണെന്നും കുട്ടി സങ്കടപ്പെട്ടു.

ഒന്നേകാല്‍ വയസുള്ളപ്പോള്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട അനര്‍ഘയെ വളര്‍ത്തുന്നത് അമ്മാവനായ പി. രാധാകൃഷ്ണന്‍ നായരാണ്. നാലാഞ്ചിറയില്‍ ഓട്ടോഡ്രൈവറായ ഇദ്ദേഹം അനര്‍ഘയെ തന്റെ രണ്ടു പെണ്‍മക്കള്‍ക്കൊപ്പം വളര്‍ത്തി പഠിപ്പിക്കുകയാണ്.
പഠനത്തിലും നൃത്തത്തിലും ഏറെ മികവു കാണിക്കുന്ന ഈ കുട്ടിയുടെ പഠനച്ചെലവ് പോലും താങ്ങാനാവാത്ത ഇദ്ദേഹത്തിന് ഓരോ ഇനത്തിലും പണം അടച്ച് അപ്പീലുകള്‍ ഫയല്‍ ചെയ്യാനാകുന്നില്ല. കുട്ടിയെ മത്സരവേദിയില്‍ നിന്ന് ഒഴിവാക്കാനേ കഴിയൂ എന്നും കുട്ടിയിലെ നര്‍ത്തകിയെ ഇല്ലാതാക്കാനാവില്ലെന്നും മറുപടി നല്‍കിയാണ് മുഖ്യമന്ത്രി അനര്‍ഘയെ ആശ്വസിപ്പിച്ചത്.

Related posts