ഒറ്റപ്പാലം: ഏതു നിമിഷവും നിലംപതിക്കാനൊരുങ്ങി സ്ട്രീറ്റ് ലൈറ്റ്. പാലക്കാട് – കുളപ്പുള്ളി പ്രധാന പാതയിൽ കണ്ണിയംപുറം പെട്രോൾപമ്പിനു സമീപമാണ് സ്ട്രീറ്റ് ലൈറ്റ് പൊട്ടിവീഴാനൊരുങ്ങി നിൽക്കുന്നത്.
തിരക്കേറിയ പാതയിൽ ഏതുനിമിഷവും ഭാരംകൂടിയ ഈ ലൈറ്റ് നിലംപതിക്കാവുന്ന അവസ്ഥയിലാണ്. വളരെ ഉയരത്തിൽ ഇലക്ട്രിക് പോസ്റ്റിൽ തൂങ്ങിനിൽക്കുന്ന സ്ട്രീറ്റ് ലൈറ്റ് ഭാരമേറിയതാണ്.
ഉപയോഗശൂന്യമായി തീർന്ന പോസ്റ്റുകളും ലൈറ്റുകളും മാറ്റിസ്ഥാപിക്കാൻപോലും അധികൃതർ തയാറാവാത്ത അവസ്ഥയാണ്.
സ്ട്രീറ്റ് ലൈറ്റിന് കവചമായി പൊതിഞ്ഞ് സ്ഥാപിച്ച ലോഹത്തകിടുകളും ചില്ലുകൊണ്ട് നിർമിച്ച ആവരണവും അടക്കം വളരെ ഭാരംകൂടിയ ലൈറ്റ് നിലംപതിച്ചാൽ അപകടം ഉറപ്പാണ്. എത്രയും പെട്ടെന്ന് ഇതഴിച്ചു മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം.
തിരക്കേറിയ പാലക്കാട്- കുളപ്പുള്ളി പ്രധാന പാതയിൽ ഡെമോക്ലീസിന്റെ വാളുപോലെ ഏതുനിമിഷവും അപകടം ക്ഷണിച്ചു വരുത്താൻ ഒരുങ്ങി നിൽക്കുകയാണ് ഈ ലൈറ്റ്.തൂങ്ങിയാടി നിൽക്കുന്ന ലൈറ്റ് ശക്തമായ കാറ്റടിച്ചാൽ നിലംപതിക്കുമെന്നുറപ്പ്.
