നെല്ലിയാമ്പതി: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ കീഴിലുള്ള നെല്ലിയാമ്പതിയിലെ സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ ഈ വർഷത്തെ ഓറഞ്ച്, പാഷൻ ഫ്രൂട്ട്, തണ്ണിമത്തൻ ഉൾപ്പെടെയുള്ള വിവിധ പഴവർഗവിളകളുടെ വിളവെടുപ്പ് ആരംഭിച്ചു. നെന്മാറ മണ്ഡലം നിയുക്ത എംഎൽഎ പ്രേമൻ ഉദ്ഘാടനം നിർവഹിച്ചു.
ബ്രിട്ടീഷ് ഭരണകാലം മുതൽ പ്രസിദ്ധമായിരുന്ന നെല്ലിയാമ്പതി ഓറഞ്ച് കൃഷി, “സിട്രസ് ഡിക്ലൈൻ” എന്ന ഗുരുതര രോഗബാധയെ തുടർന്ന് ഏതാനും വർഷങ്ങൾക്ക് മുൻപ് പൂർണമായും തകർച്ച നേരിട്ടിരുന്നു.
ഫാമിലെയും പരിസര പ്രദേശങ്ങളിലെയും ഓറഞ്ച് തോട്ടങ്ങൾ നശിച്ചതോടെ ചരിത്രപ്രസിദ്ധമായ നെല്ലിയാമ്പതി ഓറഞ്ച് കൃഷി ഒരുകാലത്ത് നാമാവശേഷമാകുകയായിരുന്നു. എന്നാൽ 2018-19 വർഷം മുതൽ ശാസ്ത്രീയരീതിയിൽ പുതുതായി ഓറഞ്ച് തൈകൾ നട്ടുപിടിപ്പിച്ച് കൃഷിയെ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇപ്പോൾ വിവിധ ഘട്ടങ്ങളിലായി ഏകദേശം 8000 ഓറഞ്ച് തൈകളാണ് ഫാമിലുള്ളത്.
ഇതിൽ കൂർഗ് മാൻഡറിൻ, നാഗ്പൂർ മാൻഡറിൻ, സ്വീറ്റ് ഓറഞ്ച് എന്നീ ഇനങ്ങളിൽപ്പെട്ട 2500 ഓളം തൈകൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് എക്സ്പെരിമെന്റൽ സ്റ്റേഷൻ, ചെത്തല്ലി, സെന്റർ ഓഫ് എക്സലൻസ് ഓൺ സിട്രസ്, കോളജ് ഓഫ് അഗ്രികൾച്ചർ നാഗ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് എത്തിച്ചിരിക്കുന്നത്. ഈ വർഷം ഏകദേശം 1.5 മുതൽ 2 ടൺ വരെ ഉത്പാദനം പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.
ഓറഞ്ചിനൊപ്പം ചെറുനാരകം, മാൾട്ടാ ലെമൺ, ചൈനീസ് ഓറഞ്ച്, വട്ടനാരങ്ങ, വരിഗേറ്റഡ് ലെമൺ, സീഡ്ലസ് ലെമൺ, പിമല്ലോ തുടങ്ങി വിവിധ നാരകവർഗവിളകളും ഫാമിൽ കൃഷി ചെയ്യുന്നുണ്ട്. പാഷൻ ഫ്രൂട്ടിന്റെ കാവേരി ഇനവും നാടൻ ഇനവും വ്യാപകമായി കൃഷി ചെയ്യുന്നു.
കൂടാതെ ഡ്രാഗൺ ഫ്രൂട്ട്, സ്ട്രോബെറി, പേരയ്ക്ക, ലോങ്ങൻ, പീച്ച്, പ്ലാവ്, മാവ്, റമ്പുട്ടാൻ, മാംഗോസ്റ്റീൻ, ജബോട്ടിക്കാബ, ചാമ്പ, സുരിനാം ചെറ, വെസ്റ്റ് ഇന്ത്യൻ ചെറി, ഞാവൽ തുടങ്ങിയ അപൂർവവും വിദേശീയവുമായ പഴവർഗങ്ങളും ഫാമിന്റെ ആകർഷണമാണ്. ഫാമിൽ ഉത്പാദിപ്പിക്കുന്ന പഴവർഗങ്ങൾ മുഴുവൻ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റിയാണ് വിപണനം നടത്തുന്നത്.
അതിനാൽ ഓറഞ്ചും പാഷൻ ഫ്രൂട്ടും നേരിട്ട് വില്പനയ്ക്കില്ല. ഓറഞ്ച് സ്ക്വാഷ്, പാഷൻ ഫ്രൂട്ട് സ്ക്വഷ്, റെഡി-ടു-ഡ്രിങ്ക് ജ്യൂസുകൾ, വിവിധ പഴവർഗങ്ങളിൽ നിന്നുള്ള ജാം, ജെല്ലി, അച്ചാർ തുടങ്ങിയ ഉത്പന്നങ്ങൾ ഫാമിന്റെ സെയിൽസ് ഔട്ട്ലെറ്റിലൂടെ മിതമായ നിരക്കിൽ ലഭ്യമാക്കുന്നുണ്ട്. ഫാം സൂപ്രണ്ട് പി. സാജിദലി അധ്യക്ഷത വഹിച്ചു.
