പ്രണവിന്റെ യാത്രകള്‍ ആദ്യമൊക്കെ എന്നെ വേദനിപ്പിച്ചിട്ടുണ്ട് ! തുറന്നു പറച്ചിലുമായി സുചിത്ര മോഹന്‍ലാല്‍…

മലയാളത്തിന്റെ മഹനടന്‍ മോഹന്‍ലാലിന്റെ മകന്‍ എന്ന നിലയിലാണ് പ്രണവ് മലയാളികള്‍ക്കു മുമ്പിലെത്തിയതെങ്കിലും ഇപ്പോള്‍ നടന്‍, സഹസംവിധായകന്‍ എന്നീ നിലകളില്‍ സ്വന്തം നിലയില്‍ ഉയരാന്‍ പ്രണവിനായി.

എന്നാല്‍ സാധാരണ താരങ്ങളെപ്പോലെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ സകലസമയവും വിരാജിക്കാന്‍ താല്‍പര്യപ്പെടുന്ന ആളല്ല പ്രണവ്.

ഹിമാലയന്‍ താഴ് വരകളിലൂടയും മണാലിയുടെ തെരുവുകളിലൂടെയും ചുമലിലൊരു ബാക്ക്പാക്കുമായി കറങ്ങി നടക്കുന്ന പ്രണവെന്ന അപ്പുവിന്റെ വീഡിയോസ് പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പ്രണവിന്റെ ഈ ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, കുഞ്ഞുനാള്‍ മുതല്‍ തന്നെ അപ്പുവിന് യാത്രകളോട് വലിയ ഇഷ്ടമായിരുന്നെന്നാണ് അമ്മ സുചിത്ര പറയുന്നത്.

വളരുന്നതിന് അനുസരിച്ച് യാത്ര എന്നത് പ്രണവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നെന്നും സുചിത്ര പറഞ്ഞു.

പക്ഷേ പ്രണവിന്റെ യാത്ര രീതികള്‍ പലപ്പോഴും അമ്മയെന്ന നിലയില്‍ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന് സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു.

പഠനത്തിന് ഇടവേള കൊടുത്തായിരുന്നു ഒരു ഘട്ടത്തില്‍ യാത്ര. ബനാറസും ഹിമാലയവും ഹംപിയും ജര്‍മനിയും ആസ്റ്റര്‍ഡാമും വയനാടും രാജസ്ഥാനും ഒക്കെ അവന്റെ നിരന്തരലക്ഷ്യങ്ങളായി.

വിമാനത്തിലും കാറിലും യാത്ര ചെയ്യാന്‍ അപ്പുവിന് സാധിക്കുമായിരുന്നു. എന്നാല്‍. ബസിലും ട്രയിനില്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും യാത്ര ചെയ്ത അപ്പു വാടക കുറഞ്ഞ മുറികളില്‍ രാത്രി കിടന്നുറങ്ങുകയും തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു.

എന്തിനാണ് ഇങ്ങനെയൊക്കെയെന്ന് ആലോചിച്ചിട്ടുണ്ടെന്നും അമ്മയെന്ന നിലയില്‍ ഇതെല്ലാം തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നും സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു.

പക്ഷേ, അങ്ങനെയൊക്കെ യാത്ര ചെയ്യാനാണ് അവന്‍ ഇഷ്ടപ്പെടുന്നതെന്ന് പിന്നീട് മനസിലായി. ഇപ്പോള്‍ സ്വന്തമായി വരുമാനമുണ്ട്.

പ്രശസ്തനായി അറിയപ്പെടുന്നതിനേക്കാള്‍ എപ്പോഴും അവനിഷ്ടം അജ്ഞാതനായി തുടരുന്നതാണെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും സുചിത്ര പറഞ്ഞു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര മോഹന്‍ലാല്‍ മകനെക്കുറിച്ച് മനസ് തുറന്നത്.

മരക്കാര്‍ സിനിമയിലെ പ്രണവിന്റെ ഒരു രംഗവും അമ്മയായ സുചിത്രയുടെ കണ്ണു നനയിച്ചു. കുഞ്ഞുകുഞ്ഞാലിയുടെ അമ്മ മരിക്കുന്ന രംഗം ചിത്രീകരിക്കുന്ന സമയം.

പ്രിയദര്‍ശന്‍ പ്രണവിന്റെ അടുത്ത് ചെന്നിട്ട് പറഞ്ഞു, ‘അപ്പൂ നിന്റെ അമ്മ മരിച്ചെന്ന് വിചാരിച്ചാല്‍ മതി’ അങ്ങനെ ആ രംഗം പ്രണവിന്റെ കൈയില്‍ ഭദ്രമായി. കഴിഞ്ഞയിടെ സിനിമ കണ്ടിറങ്ങിയപ്പോള്‍ ഈ രംഗം കണ്ടപ്പോള്‍ സുചിത്രയുടെ കണ്ണും നിറഞ്ഞു.

ആ രംഗം കണ്ടപ്പോള്‍ അപ്പുവിന് തന്നെ എത്രമാത്രം ഇഷ്ടമാണെന്ന് മനസിലായി. അവന്റെ ചിരിയും കണ്ണീരുമെല്ലാം തനിക്കുള്ളതല്ലേയെന്നും സുചിത്ര പറഞ്ഞു.

മരക്കാര്‍ ഡിസംബര്‍ രണ്ടിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ ആണ് പ്രണവിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങളിലൊന്ന്.

Related posts

Leave a Comment