കൊച്ചി: ഹൈക്കോടതിക്കു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ദമ്പതികള്‍ ആരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ യുവതിയും ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇന്നലെ രാത്രി വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചത്. ബഹളം കേട്ടെത്തിയ വീട്ടുകാരാണ് യുവതി കിണറ്റില്‍ ചാടിയതു കണ്ടത്. അഗ്നിരക്ഷാസേനയെത്തി യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ രാവിലെ ആറരയോടെയാണ് വ്യാജ പീഡന പരാതിയില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആലുവ അശോകപുരം പാടത്തുപറമ്പ് വീട്ടില്‍ ബിനു (35), ഭാര്യ ബിന്‍സി (32) എന്നിവര്‍ ഹൈക്കോടതിക്കു മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.
ആംബുലന്‍സ് ഡ്രൈവറായ ബിനു ഹൈക്കോടതിക്ക് മുന്നിലെത്തി ആംബുലന്‍സില്‍ വച്ച് ഭാര്യയ്ക്കൊപ്പം അമിത അളവില്‍ ഉറക്കഗുളിക കഴിക്കുകയായിരുന്നു. മുന്‍ സുഹൃത്തായ യുവതിയുടെ പരാതിയില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.
ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ബിനു സുഹൃത്തിനെ വിളിച്ചറിയിക്കുകയും ഫേസ്ബുക്കില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സുഹൃത്ത് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹൈക്കോടതിക്ക് സമീപം ആംബുലന്‍സ് കണ്ടെത്തുകയായിരുന്നു.
അതേസമയം വിവാഹശേഷവും ബിനുവുമായുള്ള സൗഹൃദം തുടര്‍ന്ന യുവതി ഇയാളുമായി തെറ്റിപ്പിരിഞ്ഞിരുന്നു.ഇതോടെ ഇവര്‍ ഒരുമിച്ചുള്ള ചിത്രം യുവതിയുടെ ഭര്‍ത്താവിന് ബിനു അയച്ചു. തുടര്‍ന്നാണ് യുവതി ബിനുവിനെതിരെ പീഡന പരാതി നല്‍കിയത്.കേസില്‍ അറസ്റ്റിലായ ബിനുവിന് കോടതി ജാമ്യം നല്‍കിയിരുന്നു.
