തലശേരി: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ തലശേരിയിൽ പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായ സെക്രട്ടറി പിടിയിൽ. പിണറായി പടന്നക്കര കുന്നോത്തെ സുജാലയത്തിൽ കെ.സി. ജ്യോജീഷാണ് പിടിയിലായത്.
തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളെ ഇന്ന് വൈകുന്നേരത്തോടെ തലശേരിയിൽ എത്തിക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പിന്റെ യഥാർഥ ചിത്രം പുറത്തുവരികയുള്ളൂ.
ഏതാണ്ട് അഞ്ചുകോടിയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം. ഒന്നരക്കോടി രൂപ നഷ്ടപ്പെട്ട അഞ്ചുപേരുടെ പരാതികളിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. നിരവധി പരാതികളാണ് ദിവസവും പോലീസിൽ എത്തുന്നത്. ആറുവർഷമായി സംഘത്തിൽ ഓഡിറ്റിംഗ് നടന്നിട്ടില്ലെന്ന വിവരവും പുറത്തുവന്നിരുന്നു.
ആറുവർഷം ഒരു സഹകരണ സംഘത്തിൽ ഓഡിറ്റ് നടന്നിട്ടില്ലെന്നത് ഏറെ ഗൗരവത്തോടെയാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും കാണുന്നത്.സ്ഥിരനിക്ഷേപകർക്ക് നൽകിയ സർട്ടിഫിക്കറ്റ് പലതും വ്യാജമായിരുന്നുവെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. കാലാവധി കഴിഞ്ഞ് നിക്ഷേപം പിൻവലിക്കാനെത്തിയപ്പോഴാണ് പലരും ചതിക്കപ്പെട്ടതായി അറിയുന്നത്. സ്ഥാപനംപൂട്ടി സെക്രട്ടറി മുങ്ങിയശേഷം ഓഫീസ് ഇതുവരെ തുറന്നിട്ടില്ല.
