സ്ത്രീകളുടെ ശരീരത്തിലേക്കു നോക്കി ആര്‍ത്തി കാണിക്കുന്നതിന് പകരം അവരെ ബഹുമാനിക്കാന്‍ പഠിക്കണം! സോഷ്യല്‍മീഡിയയില്‍ ലൈംഗികചുവയോടെ സംസാരിച്ചവര്‍ക്കെതിരെ പ്രതിഷേധവുമായി നടി സുജ വരുണി

സ്ത്രീകളെ, പ്രത്യേകിച്ച് സെലിബ്രിറ്റികളായിട്ടുള്ള സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നത്, വിനോദമാക്കിയിരിക്കുന്ന ചിലരുണ്ട്. പലരും വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് മറഞ്ഞിരുന്നാണ് ആക്രമണങ്ങള്‍ നടത്താറ്. അതുകൊണ്ടുതന്നെ അപമാനിക്കാനായി ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് യാതൊരു മയവുമുണ്ടാകാറില്ല.

എത്ര വലിയ സെലിബ്രിറ്റിയാണെങ്കിലും അവര്‍ക്കും കുടുംബവും ജീവിതവുമൊക്കെയുള്ളതാണെന്ന കാര്യം പലരും അവഗണിക്കുകയാണ് പതിവ്. ചുരുക്കം ചിലര്‍ തങ്ങള്‍ക്കുണ്ടാവുന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്താറുണ്ട്. ഇത്തരത്തില്‍ തനിക്കുനേരെ സോഷ്യല്‍മീഡിയ വഴി ഉണ്ടായ ലൈംഗിക ആക്രമണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി സുജ വരുണി.

ഇന്റര്‍നെറ്റില്‍ ജീവിക്കുന്ന ചില ആണുങ്ങള്‍ക്ക് നാണവും മാനവുമില്ലെന്നും വ്യാജ അക്കൗണ്ട് ഉണ്ടാക്കി എന്തുതോന്ന്യാസവും ചെയ്യുകയാണ് ഇവരുടെ പണിയെന്നും സുജ പറയുന്നു. ലൈംഗികചുവയോട് കൂടിയ കമന്റുകള്‍ സ്‌ക്രീന്‍ ഷോട്ട് ആയി പോസ്റ്റ് ചെയ്തായിരുന്നു സുജയുടെ പ്രതികരണം.

‘വ്യാജ അക്കൗണ്ടിലൂടെ ലൈംഗിക ആക്രമണം നടത്തുന്നവര്‍ എല്ലാക്കാലത്തും സുരക്ഷിതരാണെന്ന് കരുതേണ്ട. നിയന്ത്രണമില്ലാത്ത കാമഭ്രാന്ത് ആണ് നിങ്ങളുടെ പ്രശ്‌നം. ഇന്റര്‍നെറ്റ് ലോകം തന്നെ ഇത്തരം വിഡ്ഢികളുടെ കയ്യിലാണ്. ഇവര്‍ ഇത് ഉപയോഗിക്കുന്നത് സിനിമാ നടിമാരെയും മറ്റുസ്ത്രീകളെയും ലൈംഗികമായി ആക്രമിക്കാന്‍ മാത്രമാണ്.’നടി പറഞ്ഞു.

‘സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെടാന്‍ കാരണം അവരുടെ വസ്ത്രധാരണം മൂലമാണെന്നാണ് പലരും ന്യായം പറയുന്നത്. എന്നാല്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് മോശം പറയുന്ന നിങ്ങളുടെ മനസ്സിലാണ് യഥാര്‍ത്ഥ പ്രശ്‌നം. ഞാനൊരു നടിയാണ് സിനിമയിലും പൊതു പരിപാടികളിലും എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നത് എന്റെ കാഴ്ചപാടിലൂടെയാണ്’. നടി വ്യക്തമാക്കി.

വസ്ത്രധാരണം തന്നെയാണ് പീഡനങ്ങള്‍ക്ക് കാരണമെങ്കില്‍ പിന്നെ എന്തിന് കൊച്ചു കുഞ്ഞുങ്ങളെ ലൈംഗിക ആക്രമണത്തിന് ഇരയാക്കുന്നുന്നു. ഇവിടെ സ്ത്രീകള്‍ ആസിഡ് ആക്രമണത്തിന് ഇരായാവുന്നു. അവരെല്ലാവരും നന്നായി വസ്ത്രം ധരിച്ചവരും ഒരു കുറ്റവും ചെയ്യാത്തവരുമാണ്.

പുരുഷന്മാരുടെ കാമഭ്രാന്ത് തന്നെയാണ് എല്ലാത്തിനും പ്രശ്‌നം. വൃദ്ധ മുതല്‍ വേലക്കാരികളെ വരെ ഈ കണ്ണുകളിലൂടെയാണ് നോക്കുന്നത്. നിങ്ങള്‍, നിങ്ങള്‍ തന്നെയാണ് പ്രശ്‌നം. സ്ത്രീകളുടെ ശരീരത്തിലേക്കു നോക്കി ആര്‍ത്തി കാണിക്കുന്നതിന് പകരം അവരെ ബഹുമാനിക്കാന്‍ പഠിക്കണം. സുജ പറഞ്ഞു.

 

 

Related posts