പ്രളയം സമ്മാനിച്ച പ്രണയവും വിവാഹവും! ആലപ്പുഴയിലെ പ്രളയബാധിതരെ സഹായിക്കാനെത്തി പ്രണയത്തിലായവരുടെ കഥ; ഡോ. സുജയ് ഭാഗ്യവാനെന്ന് സ്‌നേഹയെ അറിയുന്നവര്‍

2018 ഓഗസ്റ്റില്‍ കേരളത്തില്‍ സംഭവിച്ച പ്രളയം ഓരോ തരത്തിലുള്ള അനുഭവങ്ങളും ഓരോ തരത്തിലുള്ള കഥകളുമാണ് ഓരോരുത്തര്‍ക്കും സമ്മാനിച്ചത്. അതില്‍ ബഹുഭൂരിപക്ഷവും വേദനയുടെയും ദുഖത്തിന്റെയും നഷ്ടങ്ങളുടെയുമാണെങ്കിലും ചിലതെല്ലാം സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയുമായിരുന്നു. പ്രളയം സമ്മാനിച്ച ഒരു പ്രണയത്തെക്കുറിച്ചാണ് ചവറ തെക്കുംഭാഗം സ്വദേശിയായ ഡോ.സുജയ്ക്കും ഹരിപ്പാടുകാരിയായ സ്‌നേഹയ്ക്കും പറയാനുള്ളത്.

സുഹൃത്തുക്കള്‍ക്കൊപ്പം ആലപ്പുഴയിലെ പ്രളയബാധിതരെ സഹായിക്കാനെത്തിയപ്പോഴാണ് സ്‌നേഹയെ സുജയ് പരിചയപ്പെട്ടത്. കരുവാറ്റയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള വഴിയിലാണ് സ്‌നേഹയെ കൂട്ടുകിട്ടുന്നത്. ആദ്യം ദിവസം അഞ്ച് ക്യാമ്പുകളില്‍ സാധനങ്ങളെത്തിച്ചു. രണ്ടാംനാള്‍ രണ്ട് ടിപ്പര്‍ലോറി നിറയെ സാധനങ്ങളുമായാണ് സുജയ് കൂട്ടുകാരുമായി വന്നത്.

അന്ന് ജില്ലയുടെ പലഭാഗങ്ങളിലെ ക്യാമ്പുകളിലെത്തി സ്‌നേഹയ്‌ക്കൊപ്പം സാധനങ്ങള്‍ കൈമാറി. ആ യാത്രയിലെ സ്‌നേഹവും കരുതലുമാണ് തങ്ങളെ ഒന്നാക്കിയതെന്ന് സ്‌നേഹ പറയുന്നു. സ്‌നേഹ മഹാരാജാസ് കോളേജില്‍ എം.എ. പൊളിറ്റിക്സ് അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ്. ഒന്നിച്ചുള്ള യാത്രയില്‍ അവര്‍ പ്രണയത്തിലായി. ഫെബ്രുവരി പതിനഞ്ചാം തിയതി വെള്ളിയാഴ്ച ഇവരുടെ വിവാഹമാണ്.

മമ്മൂട്ടി നായകനായ ബാല്യകാല സഖിയില്‍ കൊച്ചുത്രേസ്യയായി വേഷമിട്ടത് സ്നേഹയാണ്. ദിലീപ് നായകനായ വില്ലാളിവീരന്‍, ശേഷം കഥാഭാഗം എന്നീ ചിത്രങ്ങളിലും അഭിനിയിച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ച കൂടുമാറ്റം ഡോക്യുമെന്ററിയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

എറണാകുളം മഹാരാജാസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ സ്‌നേഹ, കെ.എസ്.യു. നേതാവും കൂടിയാണ്. നാട്ടിലെത്തിയാല്‍ വഴിയരികിലെ തട്ടുകടക്കാരിയാണ്, സ്‌നേഹ. ഇത് ജീവിക്കാനുളള വേഷമാണ്. ഇടയ്ക്ക് സിനിമയിലും സീരിയലുകളിലും കോമഡി പരിപാടികളിലുമെല്ലാം തലകാണിക്കും.

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രനടയിലാണ് സ്നേഹയുടെ തട്ടുകട. കോളേജില്‍ പോകുമ്പോള്‍ അമ്മ വിജയമ്മ കട നോക്കും. ഹരിപ്പാട് അമ്പലത്തിലെ വിശേഷദിവസങ്ങളില്‍ സ്നേഹ പഠനത്തിന് അവധികൊടുക്കും. കച്ചവടം കൂടുതല്‍ കിട്ടുന്ന ദിവസങ്ങളാണ്. നാരങ്ങാവെള്ളവും മോരുംവെള്ളവും മിഠായിയുമൊക്കെയാണ് കച്ചവടം.

അമ്മയ്ക്കും സ്നേഹയ്ക്കും ഭക്ഷണത്തിനുള്ള വകയുണ്ടാക്കണം. വീട്ടുവാടക കണ്ടെത്തണം. പിന്നെ പഠിക്കാനുള്ള ചെലവും. അവധി ദിവസങ്ങളില്‍ സ്നേഹ മുഴുവന്‍ സമയവും കടയിലുണ്ടാകും. രാവിലെ 5.50 ന് എറണാകുളത്തിനുള്ള ട്രെയിനിലാണ് കോളജില്‍ പോകുന്നത്. വൈകിട്ട് അഞ്ചുമണിയോടെ മടക്കം. വീണ്ടും നേരെ കടയിലേക്ക്.

അവിടെ ചായയുമായി അമ്മ കാത്തിരിക്കും. സ്നേഹ വന്നുകഴിഞ്ഞാല്‍ സാധനങ്ങള്‍ വാങ്ങാനും മറ്റുമായി അമ്മ പോകും. രാത്രി എട്ടുവരെ കട നോക്കും. പിന്നെ, അമ്മയ്ക്കൊപ്പം കുമാരപുരത്തെ വാടകവീട്ടിലേക്ക്. പള്ളിപ്പാട് കൊടുന്താറ്റ് കോളനിയില്‍ നാല് സെന്റിലായിരുന്നു സ്നേഹയും കുടുംബവും താസമിച്ചിരുന്നത്. അച്ഛന്‍ രാജേന്ദ്രന്‍പിള്ള എട്ടുവര്‍ഷം മുമ്പ് മരിച്ചു.

സ്‌നേഹ അന്ന് സ്‌കൂളില്‍ പഠിക്കുന്നു. പട്ടിണിയായിപ്പോയ നാളുകള്‍. എങ്ങനെയും പഠിക്കണമെന്ന് തീര്‍ച്ചപ്പെടുത്തിയ അവള്‍ അമ്മയ്ക്കൊപ്പം ഹരിപ്പാട് കോടതിക്ക് സമീപം തട്ടുകട തുടങ്ങുകയായിരുന്നു. വിധിയോട് പോരാടിക്കൊണ്ടുള്ള സ്‌നേഹയുടെ ഈ ജീവിതം കണ്ടുകൂടിയാവണം സുജയ് സ്‌നേഹയെ തന്റെ കൂടി ജീവിതത്തിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചത്.

Related posts