സൂപ്പര്‍മാര്‍ക്കറ്റിലെ റാക്കില്‍ നിന്ന് ഇഷ്ടമുള്ള സാധനങ്ങളെടുത്ത്, ബില്ലടിച്ച് പണമടക്കാന്‍ കാത്തു നില്‍ക്കാതെ വീട്ടിലേക്ക് പോകാം! കൊച്ചിയിലെ ഈ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിങ്ങനെ

എടുത്തു കൊടുക്കാന്‍ ജോലിക്കാരോ കാഷ് മേടിക്കാന്‍ ആളോ ഒന്നുമില്ലാത്ത കൊച്ചിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

നിര്‍മിത ബുദ്ധിയുടെയും സെന്‍സറുകളുടെയും സഹായത്തോടെയാണ് ഈ സ്റ്റോറിന്റെ പ്രവര്‍ത്തനം. വൈറ്റില ഗോള്‍ഡ് സൂക്ക് ഗ്രാന്‍ഡെയിലാണ് വാട് എ സെയില്‍ എന്ന ന്യൂജെന്‍ സൂപ്പര്‍മാര്‍ക്കറ്റ്.

സൂപ്പര്‍മാര്‍ക്കറ്റിലെ റാക്കില്‍ നിന്ന് ഇഷ്ടമുള്ള സാധനങ്ങളെടുത്ത്, ബില്ലടിച്ച് പണമടക്കാന്‍ കാത്തു നില്‍ക്കാതെ വീട്ടിലേക്ക് പോകാം. ഇത്തരത്തിലുള്ള ഷോപ്പിങ് അനുഭവമാണ് വാട്ട് എ സെയില്‍ സമ്മാനിക്കുന്നത്.

മൊബൈല്‍ ആപ്ലിക്കേഷനില്‍ അധിഷ്ഠിതമാണ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. ഉപഭോക്താവ് മൊബൈല്‍ ആപ്ലിക്കേഷന്‍ ക്രഡിറ്റ് കാര്‍ഡുമായി ബന്ധിപ്പിക്കുകയോ, ആപ്പിലെ ഇ വാലറ്റില്‍ മുന്‍കൂറായി പണം നിറയ്ക്കുകയോ വേണം. മൊബൈല്‍ ആപ്പില്‍ നിന്ന് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ സൂപ്പര്‍മാര്‍ക്കറ്റിന് അകത്തേക്ക് കയറാം.

റാക്കില്‍ നിന്ന് ഉപഭോക്താവ് ഓരോ സാധനം എടുക്കുമ്പോഴും അക്കൗണ്ടില്‍ നിന്ന് അതിന്റെ പണം ഈടാക്കിക്കൊണ്ടിരിക്കും. സാധനം റാക്കില്‍ തിരിച്ചു വച്ചാല്‍ അതിന്റെ തുക അക്കൗണ്ടില്‍ തിരിച്ചെത്തുകയും ചെയ്യും. കടയ്ക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന സെന്‍സറുകളെയും ക്യാമറകളെയും നിര്‍മിത ബുദ്ധിയുമായി ബന്ധിപ്പിച്ച് ഓരോ ഉപഭോക്താവിനെയും ആ വ്യക്തി എടുക്കുന്ന സാധനങ്ങളെയും തിരിച്ചറിഞ്ഞാണ് ഈ ഷോപ്പിന്റെ പ്രവര്‍ത്തനം.

കടയില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങളുടെ വിലയും വിശദാംശങ്ങളും മൊബൈല്‍ ആപ്പില്‍ ലഭ്യമാണ്. ഇതിനു പുറമേ വാങ്ങിയ സാധനങ്ങളുടെ ബില്ലും മൊബൈല്‍ ആപ്പിലൂടെ നല്‍കും. ആഴ്ചയില്‍ 24 മണിക്കൂറും ഷോപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

Related posts