ന്യൂഡൽഹി: ബലാത്സംഗത്തിൽനിന്നുണ്ടായ ഗർഭങ്ങൾ അലസിപ്പിക്കാൻ അതിജീവിതർക്ക് 20 ആഴ്ചകൾക്കുശേഷവും സമയം അനുവദിക്കണമെന്ന നിർദേശവുമായി സുപ്രീംകോടതി.
നിലവിൽ ഇത്തരം ഗർഭഛിദ്രങ്ങൾക്കുള്ള സമയപരിധി എടുത്തുകളയുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം നീക്കം ചെയ്യാൻ അനുമതി നൽകിക്കൊണ്ടായിരുന്നു കോടതിയുടെ നിർദേശം.
പെണ്‍കുട്ടിയുടെ ഗർഭഛിദ്രം നടത്താൻ സുപ്രീംകോടതി നേരത്തേ അനുമതി നൽകിയിരുന്നെങ്കിലും കോടതി ഉത്തരവ് ചോദ്യം ചെയ്ത് എയിംസ് നൽകിയ ഹർജിയിലായിരുന്നു ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് നിർദേശം നൽകിയത്.
കേസിനെതിരേ കടുത്ത വിമർശനമുന്നയിച്ച കോടതി, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് അവൾക്ക് ആവശ്യമില്ലാത്ത ഗർഭം തുടരാൻ അനുവദിക്കുന്നത് അവളുടെ അന്തസിനെയും ഇനിയുള്ള ക്ഷേമത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി.
ഇതൊരു കുട്ടിയെ ബലാത്സംഗം ചെയ്ത കേസാണ്. 15 വയസുകാരിയായ ഒരു പെണ്‍കുട്ടിക്ക് ആവശ്യമില്ലാത്ത ഗർഭമാണിത്. അവളിപ്പോൾ പഠിക്കേണ്ടവളാണ്, പക്ഷേ നാം അവളെ അമ്മയാക്കാൻ നിർബന്ധിക്കുന്നു. അവൾ അനുഭവിച്ചിട്ടുള്ള വേദനയും അപമാനവും ചിന്തിച്ചുനോക്കുക”-കോടതി നിരീക്ഷിച്ചു.
കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളിൽ ഗർഭഛിദ്രം നടത്തണമോ വേണ്ടയോ എന്നുള്ള തെരഞ്ഞെടുപ്പിനുള്ള അവകാശം എപ്പോഴും അതിജീവിതർക്കായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
