തിരുവനന്തപുരം: അടുത്തവർഷം നടത്താനിരുന്ന സൂര്യയുടെ സുവർണ ജൂബിലി ആഘോഷം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാതെയാണ് കൃഷ്ണമൂർത്തിയുടെ അവിചാരിതമായ മടക്കം. 49-ാമത് സൂര്യമേള ആരംഭിക്കും മുന്പുതന്നെ സുവർണജൂബിലി എങ്ങനെ അതിവിപുലമായി ആഘോഷിക്കണമെന്ന് കൃഷ്ണമൂർത്തി വിഭാവനം ചെയ്തിരുന്നു.
49-ാമത് സൂര്യ മേളയ്ക്കു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സൂര്യയുടെ ആത്മതാളമായ കൃഷ്ണമൂർത്തി വിടവാങ്ങിയത്. അതും സൂര്യയുടെ പരിപാടികൾ ആരംഭിക്കുന്ന കൃത്യം വൈകുന്നേരം 6.45ന്.
സാംസ്കാരിക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 75 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം.
കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനിടെ രോഗം മൂർച്ഛിക്കുകയായിരുന്നു. രണ്ടാഴ്ചയായി അദ്ദേഹം അത്യാസന്ന നിലയിലായിരുന്നു. കലാകൂട്ടായ്മ സൂര്യയുടെ അമരക്കാരനാണ് ഇപ്പോൾ വിടപറഞ്ഞിരിക്കുന്നത്.
