വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ ജനലിൽ ഗണപതി ഭഗവാന്റെ ചിത്രം വരച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായി ആർട്ടിസ്റ്റ് മിതാലി സലുങ്കെ. വിമാനത്തിന്റെ ചില്ലിൽ നേരിട്ടല്ല, മറിച്ച് സുതാര്യമായ ഷീറ്റിലാണ് (Transparent Sheet) ചിത്രം വരച്ചതെന്ന് തെളിവ് സഹിതം വ്യക്തമാക്കിയിരിക്കുകയാണ് മിതാലി.
‘ലൈവ് ഇന്ത്യൻ പെയിന്റർ ‘ എന്ന ചിത്രകലാ കൂട്ടായ്മയിലെ അംഗമായ മിതാലി സലുങ്കെ, “യാത്രയ്ക്കിടെ പുതിയൊരു ക്യാൻവാസ് കണ്ടെത്തി” എന്ന അടിക്കുറിപ്പോടെയാണ് വിമാനത്തിലെ ജനലിൽ ഗണപതി ചിത്രം വരയ്ക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. എന്നാൽ, വിമാനത്തിന്റെ ചില്ലിൽ നേരിട്ടാണ് ചിത്രം വരയ്ക്കുന്നതെന്ന് തെറ്റിദ്ധരിച്ചതോടെ നിരവധി പേർ രൂക്ഷവിമർശനവുമായി രംഗത്തെത്തി. പൊതുമുതൽ നശിപ്പിച്ചതിന് നടപടി വേണമെന്നും യാത്ര വിലക്കണമെന്നും വരെ ആവശ്യങ്ങളുയർന്നു.
വിമർശനങ്ങൾ ശക്തമായതോടെയാണ് ഇൻസ്റ്റാഗ്രാമിലൂടെ മിതാലി സത്യവസ്ഥ വ്യക്തമാക്കിയത്. ജനലിന് മുന്നിൽ വെച്ച സുതാര്യമായ ഷീറ്റിലാണ് താൻ ചിത്രം വരച്ചതെന്നും വിമാനത്തിന് യാതൊരുവിധ കേടുപാടുകളും വരുത്തിയിട്ടില്ലെന്നും അവർ അറിയിച്ചു. വരച്ച ചിത്രം കയ്യിൽ പിടിച്ചുനിൽക്കുന്ന ചിത്രം തെളിവായി പങ്കുവെച്ചതോടെയാണ് വിവാദങ്ങൾക്ക് ശമനമായത്.

