പ്രളയക്കെടുതിയില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് ഫീസ് ഈടാക്കാതെ തന്നെ പുതിയത് നല്‍കും! ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട മലയാളികള്‍ക്ക് തന്റെ ഭാഗത്തുനിന്ന് സഹായവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

ആവശ്യനേരത്ത് വേണ്ട സഹായം അടിയന്തരമായി ആവശ്യക്കാരനില്‍ എത്തിക്കുന്ന കാര്യത്തില്‍ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള വ്യക്തിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇപ്പോഴിതാ പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട് ഇനിയെന്ത് എന്ന് വിലപിക്കുന്നവര്‍ക്ക് തന്നാലാവുന്ന സഹായവുമായി സുഷമ സ്വരാജ് എത്തിയിരിക്കുന്നു.

കേരളത്തില്‍ പ്രളയക്കെടുതിയില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് ഫീ ഈടാക്കാതെ തന്നെ നല്‍കുമെന്നും ഇതിനായി പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ ബന്ധപെട്ടാല്‍ മതിയെന്നുമാണ് മന്ത്രി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പ്രളയത്തിന്റെ ആശങ്ക ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കേരളം നേരിടുന്ന പ്രളയ ദുരിതം അതീവ ഗുരുതരമാണെന്ന് വിലയിരുത്തിയിരുന്നു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ മഴക്കെടുതികള്‍ നേരിട്ട് വിലയിരുത്തിയ ശേഷമായിരുന്നു രാജ്‌നാഥ് സിങിന്റെ പ്രതികരണം.

ദുരിതം നേരിടാന്‍ കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയത അദ്ദേഹം, സാഹചര്യം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം ആണ് നടത്തുന്നതെന്നും പ്രതികരിച്ചു. പ്രളയ ദുരിതം നേരിടുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടിച്ചേര്‍ത്തു. എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയിലായിരിക്കുന്ന പലര്‍ക്കും ഏറെ ആശ്വാസമാവും സുഷമയുടെ ഈ വാഗ്ദാനം എന്നതില്‍ സംശയമില്ല.

Related posts